ഇംഫാൽ : മണിപ്പൂരിൽ നടന്നുവന്ന സംഘർഷങ്ങൾക്കിടെ കൂടുതൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന വിവരം പുറത്ത്. തോബാലിൽ 45 കാരിയെ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നും ഇംഫാലിലെ കാർ വാഷ് സെന്ററിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെ ജനക്കൂട്ടം ആക്രമിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് വാർത്ത. അതിനിടെ സ്ത്രീകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷ സമാനമായ സാഹചര്യമാണ്. സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം ചെയ്ത സംഭവത്തിൽ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാമത്തെ പ്രതിയാണ് അറസ്റ്റിലാകുന്നത്. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.ഗതാഗതം തടസ്സപ്പെടുത്തിയ സ്ത്രീകള്‍ റോഡില്‍ ടയര്‍ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് പൊലീസിനെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചു.
തോബാലിൽ മെയ് ഏഴിനാണ് 45 കാരിയെ നഗ്നയാക്കി തീകൊളുത്തി കൊലപ്പെടുത്തിയത്. മേഖലയിൽ വ്യാപക സംഘർഷം നടന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായെന്നും കത്തിക്കരിഞ്ഞ മൃതദേഹം അധികൃതർ ഇംഫാലിലേക്ക് കൊണ്ടുപോയെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവം പുറത്ത് വന്ന സാഹചര്യത്തിൽ മിസോറമിൽ മെയ്ത്തി വിഭാഗക്കാർ താമസിക്കുന്ന മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. സംഘർഷ സാഹചര്യം നിലനിൽക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിൽ ആണ് സുരക്ഷ വർധിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.