മുക്കം: വാക്‌സിനേഷൻ ക്യാമ്പിലെ വാക്‌സിൻ തീർന്നതിനെത്തുടർന്ന് നായകളുമായി ക്യാമ്പിലെത്തിയവർ ദുരിതത്തിലായി. പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി മുക്കം നഗരസഭയിൽ നടന്ന ക്യാമ്പിൽ എത്തിയവർക്കാണ് വലിയ വിലയ്ക്ക് പ്രതിരോധ മരുന്ന് വാങ്ങി വളർത്തുമൃഗങ്ങൾക്ക് കുത്തിവയ്പ് എടുക്കേണ്ടി വന്നത്. പേവിഷബാധ നിയന്ത്രണത്തിന്റെ ഭാഗമായി നഗരസഭയിലെ എല്ലാ വളർത്തു നായ്ക്കൾക്കും കുത്തിവയ്പ് നൽകുന്നതിനുള്ള ക്യാമ്പ് 15 മുതൽ 17 വരെയായിരുന്നു.
നിലവിൽ കുത്തിവയ്പ് എടുക്കാത്ത എല്ലാ വളർത്തു നായ്ക്കളെയും ക്യാമ്പിലെത്തിച്ച് കുത്തിവയ്പ് നൽകണമെന്ന് നഗരസഭ അറിയിച്ചിരുന്നു. ഇതിന് 30 രൂപ ഈടാക്കി. എന്നാൽ മൃഗസംരക്ഷണ വകുപ്പ് നൽകുന്ന പ്രതിരോധ മരുന്ന് 50 മൃഗങ്ങള്‍ക്ക് നൽകാൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ ദിവസം തന്നെ അത് കഴിഞ്ഞു. മൃഗാശുപത്രി ജീവനക്കാര്‍ നഗരസഭാധികൃതരുടെ സഹകരണത്തോടെ സ്വന്തം നിലക്ക് വെള്ളിയാഴ്ച മരുന്ന് ലഭ്യമാക്കിയിരുന്നു. ഇതും തീർന്നതോടെ ശനിയാഴ്ച മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകാൻ എത്തിയവർ വട്ടം കറങ്ങി. സംഭവം വാക്കേറ്റത്തിനും കാരണമായി.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ വിളിച്ച് മൃഗങ്ങളുമായി എത്തിയവരാണ് ബുദ്ധിമുട്ടിലായത്. യാത്രക്കൂലി വീണ്ടും നൽകേണ്ടിവരുമെന്നതിനാൽ മിക്കവരും പുറത്ത് നിന്ന് മരുന്ന് വാങ്ങി കുത്തിവയ്പ്പ് നടത്തി. ഒരു മില്ലിമരുന്നാണ് ഒരു മൃഗത്തിന് നല്‍കേണ്ടത്. 10 മില്ലിയുടെ കുപ്പിയാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്നത്. ഇതിന് അഞ്ഞൂറ് രൂപയില്‍ താഴെയാണ് വില. എന്നാല്‍ ഒരു മില്ലിയുടെ കുപ്പി വാങ്ങേണ്ടി വരുമ്ബോള്‍ 190 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്.
അതേസമയം, മൃഗാശുപത്രികളിൽ വളർത്തുമൃഗങ്ങൾക്ക് എല്ലാ ദിവസവും പ്രതിരോധ കുത്തിവയ്പ്പുകൾക്ക് പ്രവേശനമുണ്ട്. എന്നാൽ ഇക്കാലമത്രയും ഇത് അവഗണിച്ച ഉടമകൾ കൂട്ടത്തോടെ കുത്തിവയ്പ്പിലേക്ക് എത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് അധികൃതർ പറഞ്ഞു. ക്യാമ്ബില്‍ വന്നവര്‍ വീണ്ടും വരേണ്ട സാഹചര്യം ഒഴിവാക്കാനാണ് പുറമെ നിന്ന് മരുന്ന് വാങ്ങി കുത്തിവെപ്പ് എടുത്തതെന്നും ഇന്ന് മരുന്ന് എത്തിച്ച് തിങ്കളാഴ്ച മുതല്‍ കുത്തിവെപ്പ് തുടരുമെന്നും മൃഗാശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.