മൈസൂരുവിൽ എം ബി എ വിദ്യാർഥിനിയായ 22 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു പ്രതി ഒളിവിലാണെന്നും കർണാടക പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) പ്രവീൺ സൂദ് പറഞ്ഞു. അറസ്റ്റിലായവർ തമിഴ്നാട്ടിൽ നിന്നുള്ള തൊഴിലാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈസൂരിലെ പഴക്കച്ചവടക്കാരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസില്‍ മലയാളി വിദ്യാർത്ഥികൾ അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവർ എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്. സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാമുണ്ഡി കുന്നിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആൺ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി.
നേരത്തെ മലയാളികളായ എഞ്ചിനീയറിംഗ് വിദ്യാർഥികളെ കേസിൽ പൊലീസ് സംശയിച്ചിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നുവെന്ന സംശയത്തെ തുടർന്ന് പൊലീസ് കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും എത്തി പരിശോധന നടത്തിയിരുന്നു. സംഭവം നടന്ന മൊബൈൽ ടവർ കേന്ദ്രീകരിച്ച അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികൾ പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









