മാവൂർ: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ വെള്ളലശ്ശേരി ലഹരി വിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബഹുജന റാലി സംഘടിപ്പിച്ചു. ജാതിമത ഭേദമന്യേ നിരവധി നാട്ടുകാരാണ് റാലിയിൽ പങ്കെടുത്തത്.
വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും ലഹരി വ്യാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബോധവൽക്കരണ ക്ലാസ്സുകളും ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നലെ വൈകുന്നേരം ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലി സംഘടിപ്പിച്ചത്. പ്രസാദ് മാസ്റ്റർ, സലിം പാലപ്ര, മൂസക്കുട്ടി കണ്ണിയാലത്ത്, വാർഡ് മെമ്പർ വിശ്വൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
യുവ തലമുറയുടെ ഭാവിയെയും കുടുംബാന്തരീക്ഷത്തെയും ഗുരുതരമായി ബാധിക്കുന്ന ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെ റാലിയിൽ ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. അധികാരികളോട് സൂര്യനസ്തമിച്ചു കഴിഞ്ഞാൽ സമാന്തര ലോകം തീർക്കുന്ന ലഹരി മാഫിയയെ തളച്ചു കെട്ടണമെന്നും റാലി ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളും പദ്ധതികളുമായി ഇനിയും മുന്നോട്ട് പോകുമെന്നും ബഹുജന റാലി അതിൻ്റെ തുടക്കമാണെന്നും ലഹരി വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു.
വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി അധ്യക്ഷത വഹിച്ച സമാപന യോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഗഫൂർ ഓളിക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ, പി.കെ രാധാകൃഷ്ണൻ, കുട്ടിഹസ്സൻ പാറക്കണ്ടി, ഹമീദ് മാസ്റ്റർ, എം.പി മജീദ് മാസ്റ്റർ, അഡ്വ. പി ചാത്തുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു. ലഹരി വിരുദ്ധ സമിതി പ്രസിഡണ്ട് പി. പ്രസാദ് സ്വാഗതവും മൂസക്കുട്ടി കണിയലത്ത് നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.