വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുപ്പ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപരോധ സമരത്തിന് പിന്തുണയുമായി മാവൂർ പ്രസ് ക്ലബ് ഭാരവാഹികളും സമരപ്പന്തലിൽ എത്തി.
സമരം 10-ാം ദിവസമായിട്ടും അധികൃതർ പരിഹാരം നിർദേശിക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് പിന്തുണയുമായി മീഡിയ അസോസിയേഷനായ പ്രസ് ക്ലബ്ബും ചെറുപ്പ ഹെൽത്ത് യൂണിറ്റിലെ സമരവേദിയിലെത്തിയത്.
മാവൂരിലെയും പരിസര പഞ്ചായത്തുകളിലെയും പാവപ്പെട്ട ജനങ്ങളുടെ ആശ്രയമായ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പ്രസ് ക്ലബ്ബ് പ്രതിനിധികൾ വ്യക്തമാക്കി. തികച്ചും ന്യായമായ സമരത്തിന് മാവൂർ പ്രസ് ക്ലബ്ബിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങൾ ഉറപ്പുനൽകി.
മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശൈലേഷ് അമലാപുരി, സെക്രട്ടറി എം.ഉസ്മാൻ, വൈസ് പ്രസിഡന്റ് അമീൻ ഷാഫിദ്, അംഗങ്ങളായ ഗഫൂർ കണിയാത്ത്, രജിത് മാവൂർ തുടങ്ങിയവർ സംസാരിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമുതൽ 12 വരെ കരിദിനം ആചരിക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. മാവൂരിലെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും സമരത്തിന് പിന്തുണ നൽകുമെന്ന്അറിയിച്ചതായും സമരസമിതി അറിയിച്ചു. നിലവിലെ രണ്ടാംഘട്ട സമരത്തിന് പരിഹാരമുണ്ടാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.