മുക്കം: വിവാഹ ആഘോഷം അതിരുവിട്ടതോടെ അയൽവാസിയുടെ വീട്ടിൽ തീപിടുത്തം. മുക്കം കാരശ്ശേരി കളരികണ്ടിയിലാണ് സംഭവം. വരന്റെ സുഹൃത്തുക്കള്‍ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിക്കുകയായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന പാറമ്മല്‍ ബാബുവിന്റെ വീടിന്റെ ഷെഡിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ബാബുവിന്റെ വീടിന്റെ 400 മീറ്റർ അകലെയായിരുന്നു വിവാഹവീട്. വരനേയും വധുവിനെയും വീട്ടിലേക്ക് ആനയിക്കുന്ന ചടങ്ങിനിടെ വരന്റെ സുഹൃത്തുക്കള്‍ പൊട്ടിച്ച പടക്കമാണ് ഷെഡിലേക്ക് വീണ് തീപിടുത്തമുണ്ടാക്കിയത്. കർഷകനായ ബാബുവിന്റെ വീട്ടില്‍ സൂക്ഷിച്ച പണിയായുധങ്ങളും, പുതിയ വീടിന്റെ നിർമ്മാണത്തിനുള്ള സാധനങ്ങളും കത്തി നശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.