ന്യൂഡൽഹി: ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങുന്നു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) എയർസൈഡിൽ ഇലക്ട്രിക് വാഹനങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് വിമാനത്താവളത്തിലും പരിസരത്തും ഹരിത ഗതാഗത പദ്ധതി നടപ്പാക്കാനുള്ള തീരുമാനം. ആദ്യഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങളാണ് പുറത്തിറക്കുന്നത്. പ്രതിവർഷം ഏകദേശം 1000 ടൺ ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കാൻ ഇത് സഹായിക്കും. മൂന്നോ നാലോ മാസത്തിനുള്ളിൽ ഈ വാഹനങ്ങൾ പുറത്തിറങ്ങും.
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ഉയർന്ന വോൾട്ടേജുള്ള ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ വാഹനങ്ങൾക്ക് പുറമേ വിമാനത്താവളത്തിൽ എത്തുന്ന മറ്റ് വാഹനങ്ങൾക്കും ഉപയോഗപ്രദമായ രീതിയിലാണ് ഇവ സ്ഥാപിക്കുക. വാഹനങ്ങളുടെ നിർമാതാക്കൾക്കൊപ്പം ചേർന്നാണ് ഡയൽ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നത്.
2030-ഓടെ “നെറ്റ് സീറോ കാർബൺ എമിഷൻ എയർപോർട്ട്” ആകുകയാണ് അവരുടെ ലക്ഷ്യം. ഊർജ്ജ സംരക്ഷണവും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ സ്ഥാപിക്കാനാണ് ഡയൽ ഉദ്ദേശിക്കുന്നത്. എയർപോർട്ട് പ്രവർത്തനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നത് ഒരു വലിയ മുന്നേറ്റമാണ്. രാജ്യത്തെ ഒരു വിമാനത്താവളത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി.
നിലവിൽ ഡയൽ ഒരു ഇലക്ട്രിക്ക് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നും പാസഞ്ചർ ട്രാൻസ്പോർട്ട് സെന്റർ ബിൽഡിംങിലേക്ക് എത്താൻ യാത്രക്കാർക്ക് ഈ സർവീസ് ഉപയോഗിക്കാം. പുനരുപയോഗിക്കാവുന്ന സ്രോതസുകളാണ് വൈദ്യുതി ഉല്പാദിപ്പിക്കാനായി ഡയൽ തെരഞ്ഞെടുത്തിരിക്കുന്നത്. എമിഷൻ ഫ്രീയായിരിക്കും വാഹനങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന വൈദ്യുതിയെന്ന് ഉറപ്പാക്കുമെന്ന് ഡയൽ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









