കോഴിക്കോട്: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രത്യയശാസ്ത്ര പ്രചാരണത്തിൽ ഏർപ്പെട്ടുവെന്നു ആരോപിച്ച് കണ്ണൂരിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഡൽഹിയിൽ നിന്നെത്തിയ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി ഐ എസ് ആശയ പ്രചാരണം നടത്തിയെന്നാണ് ദേശീയ അന്വേഷണ ഏജൻസി പറയുന്നത്. ചൊവ്വാഴ്ച രാവിലെ കണ്ണൂരിലെ താനയിലെ വീടുകളിൽ നിന്ന് ആണ് ഇവരെ പിടികൂടിയത്. കണ്ണൂരിലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സ്ത്രീകളെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുപോകും.
മുൻപ് സമാനമായ കേസിൽ അറസ്‌റ്റിലായ മുസാദ് അൻവറിന്റെ കൂട്ടാളികളാണ് ഇവർ. ‘ക്രോണിക്കിൾ ഫൗണ്ടേഷൻ’ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തിയെന്നാണ് എൻഐഎ കണ്ടെത്തൽ. ഇത് ഐസിസിനു വേണ്ടിയുളള പ്രചാരണം ആയിരുന്നെന്നാണ് എൻഐഎ അറിയിച്ചത്.
2015 മാർച്ചിൽ മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീനെന്ന അബു യാഹിയയെ എൻഐഎ അറസ്റ്റ് ചെയ്തതോടെയാണ് സ്ത്രീകളുടെ പങ്കാളിത്തം പുറത്തുവന്നത്. ഈ മാസം നാലിന് ഐഎസ് പ്രവർത്തകരായ കർണാടകയിലെ ഭട്കലിലെ സുഫ്രി ജവഹർ ദാമുദി, മംഗലാപുരത്തെ അമ്മാർ അബ്ദുൾ റഹ്മാൻ, ബെംഗളൂരുവിലെ ശങ്കർ വെങ്കടേഷ് പെരുമാൾ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ സൂചനയാണ് കണ്ണൂരിലെ യുവതികളിലേക്ക് എൻഐഎ സംഘത്തിന്റെ ശ്രദ്ധയെത്തിയത്. ആറ് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. ഏഴുപേരടങ്ങുന്ന സംഘം കേരളത്തിൽ ഐസിസ് പ്രചാരണം നടത്തുന്നതായി എൻഐഎ വെളിപ്പെടുത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.