കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട്ടെത്തി കേന്ദ്രസംഘം. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾ ഉൾപ്പെടെ മൂന്നു പേർ ചികിത്സയിലാണ്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. നിപ ബാധിച്ച് മരിച്ച ഒരാളുടെ മകനാണ് ഈ കുട്ടി. 11 പേരുടെ പരിശോധനാഫലം ഇന്ന് വരും.
തിരുവനന്തപുരത്ത് ഒരാൾക്ക് നിപാ സംശയമുണ്ടായിരുന്നു. ഇന്നലെ രാത്രി തോന്നക്കലിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡെന്റൽ കോളജ് വിദ്യാർഥിയായ ഇയാൾ ബൈക്കിൽ പോകുന്നതിനിടെ വവ്വാലിൽ ഇടിച്ചതോടെയാണ് നിപ സംശയം തോന്നിയത്. കടുത്ത പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് ആശ്വാസമായത്. 2018ലെ നിപ ഭീതിയുടെ പശ്ചാത്തലത്തിൽ തോന്നക്കലില്‍ വൈറോളജി ലാബിൽ നടത്തിയ ആദ്യ നിപ പരിശോധനയാണിത്.
അതീവ മുന്‍ കരുതലും ജാഗ്രതയോടെയും നിപ ഭീതിയെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. നിപ ബാധിച്ച് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നത് ആശ്വാസകരമാണ്. ഈ രോഗിയുടെ പനി കുറഞ്ഞതായും അണുബാധ കുറഞ്ഞതായും റിപ്പോർട്ടുണ്ട്.
അടുത്തിടെ നിപ സ്ഥിരീകരിച്ച ആരോഗ്യപ്രവര്ത്തകന് നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ 24 കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ സജീവമായ കേസുകളുടെ എണ്ണം മൂന്നായി. ആദ്യം മരിച്ച രോഗിയുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന വ്യക്തിയാണ് നിപ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ.
നിപ സ്ഥിരീകരിച്ചവരുടെ കോൺടാക്ട് ലിസ്റ്റും റൂട്ട് മാപ്പും തയാറാക്കിയപ്പോൾ ആകെ 706 പേരാണ് കോൺടാക്ട് ലിസ്റ്റിലുള്ളത്. ആദ്യം മരിച്ചയാളുടെ കോൺടാക്റ്റ് ലിസ്റ്റിൽ 371 പേരും രണ്ടാമത്തെ ആളുടെ കോൺടാക്റ്റ് ലിസ്റ്റിൽ 281 പേരുമുണ്ട്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി 706 പേരുടെ കോൺടാക്റ്റ് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലും നിപ നിരീക്ഷണത്തിലാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.