കോഴിക്കോട്: വേതന പാക്കേജ് ഉയർത്താത്ത സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് റേഷൻ വ്യാപാരികള്‍ വീണ്ടും കടയടപ്പ് സമരത്തിലേക്ക്.
2018 ലെ വേതന പാക്കേജാണ് ഏഴ് വർഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാതെ തുടരുന്നത്. 45 ക്വിന്റല്‍ വരെ റേഷൻ ധാന്യം ഒരു മാസം വില്‍ക്കുന്ന വ്യാപാരിക്ക് 18000 രൂപയും അതിന് മുകളില്‍ വില്‍ക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തില്‍ നല്‍കുന്നത്. എന്നാല്‍ ഇത്രയും അളവില്‍ വില്‍പ്പന നടത്തുന്ന റേഷൻ കടകള്‍ കുറവാണ്. അതുകൊണ്ട് തന്നെ സ്വന്തം കെട്ടിടമുള്ള റേഷൻ കട ഉടമകള്‍ക്ക് മാത്രമേ കമ്മിഷൻ കൊണ്ട് പ്രയോജനമുള്ളൂവെന്നാണ് വ്യാപാരികള്‍ പറയുന്നത്. മറ്റുള്ളവർക്ക് മാസ വാടക, വൈദ്യുതി ചാർജ്, കൂലി എന്നീ ഇനത്തില്‍ മാസം 15,000 രൂപയോളം ചെലവുവരും. 7000 രൂപയ്ക്ക് താഴെ മാത്രമാണ് വ്യാപാരിക്ക് ലഭിക്കുന്നത്. വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല കടയടപ്പ് സമരമുള്‍പ്പെട നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ സർക്കാരിന്റെ പദ്ധതികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് റേഷൻ വ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള റീട്ടെയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
റേഷൻ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാക്കുന്നതിന് കടകള്‍ വിപുലീകരിക്കണമെന്ന സർക്കാർ നിർദ്ദേശം പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികള്‍. പുതിയ എൻ. എഫ്. എസ്.എ ചട്ട പ്രകാരമുള്ള സ്റ്റോക്ക് പൂർണമായ തോതില്‍ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ റേഷൻകടകളിലും, പല എൻ.എഫ്.എസ്.എ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളിലുമില്ല. നഗരത്തിലെ റേഷൻ കടകള്‍ സമീപത്തുള്ള കെട്ടിടത്തിലെ റൂമുകള്‍ വാടകയ്ക്ക് എടുക്കുന്നതിന്ന് വേണ്ടി ചെറുപട്ടണങ്ങളില്‍ പോലും 400 മുതല്‍, 500 രൂപ വരെയെങ്കിലും ദിവസ വാടക നല്‍കേണ്ടിവരും. വൻ സാംമ്ബത്തിക ബാദ്ധ്യതകള്‍ വരുത്തുന്ന കട വിപുലീകരണ പദ്ധതികളുമായി റേഷൻ വ്യാപാരികള്‍ക്ക് മുന്നോട്ട് പോകാനാവില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










