മുക്കം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തരവകുപ്പ് അനുവദിച്ച തുക പിൻവലിച്ചതിനാൽ മുക്കം പൊലീസ് സ്റ്റേഷൻ നിർമാണം പാതിവഴിയിൽ നിലച്ചു. ആഭ്യന്തരവകുപ്പ് അനുവദിച്ച 1.98 കോടിയാണ് കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പിൻവലിച്ചത്.
ആഭ്യന്തര വകുപ്പ് അനുവദിച്ച തുകയും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച രണ്ടേകാല്‍ കോടി രൂപയും ഉപയോഗിച്ച് കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി. ഇതിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി ഉദ്ഘാടനവും ചെയ്തു. ഉദ്ഘാടനത്തിന് ശേഷം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് കെട്ടിട നിർമാണവും ആരംഭിച്ചു. ഇത്രയും തുക കഴിഞ്ഞതോടെയാണ് പണി നിർത്തിവച്ചത്.
നിലവിലെ കെട്ടിടത്തിൻ്റെ അവസ്ഥ വളരെ പരിതാപകരമാണ്. സീലിങ് തകരുന്നത് പതിവാണ്. ചോർന്നൊലിക്കുന്നതും വിണ്ടുകീറിയതുമായ ചുമരുകൾക്കും വിണ്ടുകീറിയ നിലകൾക്കുമിടയിലാണ് പോലീസുകാർ ജോലി ചെയ്യുന്നത്.
12,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യനിലയില്‍ മൂന്ന് ലോക്കപ്പുകളും സ്റ്റേഷൻ ഓഫിസർക്കുള്ള മുറിയുമാണുള്ളത്. ഒന്നും രണ്ടും നിലകള്‍ക്ക് മേല്‍ക്കൂര നിർമിച്ച് മേല്‍ക്കൂരയില്‍ മണ് ടൈലുകള്‍ പാകാനും മുകളിലെ നിലയില്‍ ഡിവൈ.എസ്.പി, ഇൻസ്പെക്ടർ, എസ്.ഐ എന്നിവർക്കുള്ള ഓഫിസ് മുറി, വനിത പൊലീസുകാർക്കുള്ള മുറി, കമ്ബ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവ നിർമിക്കാനുമായിരുന്നു പദ്ധതി. വയറിങ്, പെയിന്റിങ്, ടൈല്‍സ് വിരിക്കല്‍, മിനുക്കുപണികള്‍ തുടങ്ങി രണ്ടു കോടിയോളം രൂപയുടെ പ്രവൃത്തി ഇനിയുമുണ്ട്.
2017 ലെ സംസ്ഥാന ബജറ്റില്‍ പുതിയ കെട്ടിടത്തിന് രണ്ടേകാല്‍ കോടി രൂപ വകയിരുത്തിയിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ വന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. പുതുതായി നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളില്‍ മൂന്ന് ലോക്കപ്പുകള്‍ വേണമെന്ന സുപ്രീംകോടതി നിർദേശമാണ് നിർമാണ പ്രവർത്തനത്തിന് തിരിച്ചടിയായത്.
സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ലോക്കപ്പുകള്‍ വേണമെന്നായിരുന്നു പുതിയ മാർഗനിർദേശം. ഈ മാർഗ നിർദേശമനുസരിച്ച് പ്ലാൻ മാറ്റി വരച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. അതേസമയം ആഭ്യന്തര വകുപ്പ് പിൻവലിച്ച തുക അനുവദിച്ചിട്ടുണ്ടെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.