കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമായ കരിയാത്തുംപാറ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ്. കുന്നുകളുടെയും പുൽമേടുകളുടെയും ഭംഗി കാരണം കരിയാത്തുംപാറയെ മലബാറിലെ തേക്കടി എന്നും മലബാറിലെ ഊട്ടി എന്നും വിളിക്കുന്നു. കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കക്കയത്തിന് സമീപമാണ് പ്രകൃതിയുടെ അനുഗ്രഹീതമായ കരിയാത്തുംപാറ.
ഹൃദയസ്പർശിയായ ഭൂപ്രകൃതിയിൽ പകുതി വെള്ളത്തിനടിയിലും പകുതി പുറത്തും നിൽക്കുന്ന നിരവധി മരങ്ങളുടെ കാഴ്ചയാണ് ഇവിടെ ഏറ്റവും ആകർഷകമായ കാര്യം. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മലയോര വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് കരിയാത്തുംപാറ. ഉരുളന്‍ കല്ലുകൾ നിറഞ്ഞ നദിയും പൈൻ മരങ്ങളും ഉയർന്നു നിൽക്കുന്ന മലനിരകളും കരിയാത്തുംപാറയുടെ ഭംഗി കൂട്ടുന്നു. നഗരത്തിലെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞ് ഒഴിവ് ദിനങ്ങള്‍ ആസ്വദിക്കാനും ചൂണ്ടയിടാനും ഉള്‍പ്പെടെ നിരവധി കാര്യങ്ങളാണ് വിനോദസഞ്ചാരികള്‍ക്കായി പ്രകൃതി കരിയാത്തുംപാറയില്‍ ഒരുക്കിയിട്ടുള്ളത്.
കരിയാത്തുംപാറയിലേക്ക് രണ്ട് വഴികളുണ്ട്. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിൽ നിന്ന് കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയിലെത്താം. വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് പൂനൂർ എസ്റ്റേറ്റ്മുക്ക് വഴിയും ഇവിടെയെത്താം. മനോഹരമായ പുൽമേടുകളും കാനനഭംഗിയും കക്കയം മലനിരകളുടെ ഭംഗിയും ആസ്വദിക്കുന്നത് ഓരോ സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവമായിരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.