മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ വിവാദത്തിലകപ്പെട്ട യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് മുഈൻ അലി ശിഹാബ് തങ്ങളെ ഐഎൻഎല്ലിലേക്ക് സ്വാഗതം ചെയ്ത് മലപ്പുറം ജില്ലാ നേതൃത്വം. മുഈൻ അലിയെ പോലെ കാര്യങ്ങൾ നേർക്ക് നേർ പറയുന്നവർക്ക് പറ്റിയ ഇടമല്ല ഇപ്പോഴത്തെ ലീഗെന്ന് ഐഎൻഎൽ ജില്ലാ സെക്രട്ടറി സിപി അബ്ദുൾ വഹാബ് പറഞ്ഞു. പാർട്ടി അനുമതി ഇല്ലാതെ വാർത്താ സമ്മേളനം നടത്തി നേതാക്കൾക്കെതിരെ വിമർശനം ഉന്നയിച്ച മുഈൻ അലിക്കെതിരെ നടപടി ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഐഎൻഎല്ലിന്‍റെ പ്രതികരണവും വന്നിരിക്കുന്നത്.
മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി കഴിഞ്ഞദിവസമാണ് രംഗത്തെത്തിയത്. ചന്ദ്രികയിലെ ഫിനാൻസ് ഡയറക്ടർ ഷെമീറിന് വീഴ്ച സംഭവിച്ചു. കുഞ്ഞാലിക്കുട്ടി ഷെമീറിനെ അന്ധമായി വിശ്വസിച്ചെന്നും മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. നാൽപ്പത് വർഷമായി കുഞ്ഞാലിക്കുട്ടിയാണ് പണം കൈകാര്യം ചെയ്യുന്നത്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങി. ഹൈദരലി ശിഹാബ് തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ അതൃപ്തി പരസ്യമായത്. മുഈൻ അലിക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ലീഗ് കടന്ന് പോകുന്ന പ്രതിസന്ധിയുടെ രാഷ്ട്രീയം പറഞ്ഞ മുഈൻ അലി ശിഹാബ് തങ്ങൾ നൽകുന്നത് ഒരു ശുഭ സൂചനായാണെന്നാണ് ഐഎൻഎൽ മലപ്പുറം ജില്ലാ സെക്രട്ടറി സിപി അബ്ദുൾ വഹാബ് പറയുന്നത്. നേരെ ചൊവ്വേ കാര്യങ്ങളെ സമീപിക്കുന്നവർക്ക് പറ്റിയ ഇടമല്ല നിലവിലെ ലീഗെന്നും അത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയം അനുസരിക്കുന്നവർക്ക് മാത്രമാണെന്നും അബ്ദുൾ വഹാബ് പറയുന്നു. കേരളാ വിഷനോടാണ് അബ്ദുൾ വഹാബിന്‍റെ പ്രതികരണം.
മുഈൻ അലി ശിഹാബ് തങ്ങളെ ഐഎൻഎല്ലിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി കേരളാ വിഷനോട് പറഞ്ഞു. “ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുഖത്ത് നോക്കി, നിങ്ങൾ ഈ രാജ്യത്തെ വഞ്ചിച്ചിരിക്കുന്നു, ഭരണഘടനയെ ചീന്തിയെറിഞ്ഞിരിക്കുന്നു. നിങ്ങൾ ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല എന്ന് പറഞ്ഞ, മഹാനായ സേട്ട് സാഹിബിന്‍റെ പാർട്ടിയിലേക്ക് ഇത്തരം തുറന്ന് പറച്ചിലുകളും, നേരെ ചൊവ്വെ ചിന്തിക്കുന്നവർക്കും യഥേഷ്ടം കടന്നുവരാൻ സ്വാതന്ത്രവും അവകാശവുമുണ്ട്. മുഈൻ അലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗിനകത്ത് ഇനിയുള്ള കാലം ശ്വാസംമുട്ടി കഴിയേണ്ടവനല്ല. ഇന്ത്യൻ നാഷണൽ ലീഗിലേക്ക് തങ്ങളെ എല്ലാ ആദരവോടും കൂടി ജില്ലാ കമ്മിറ്റി സ്വാഗം ചെയ്യുന്നു” അബ്ദുൾ വഹാബ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.