താമരശ്ശേരി: ലഹരി വിതരണ സംഘത്തിലെ പ്രധാന പ്രതിയായ യുവതി പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. 60-ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും ഇവരുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
പുതുപ്പാടി കൈതപൊയിൽ ആനോറമ്മൽ ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത് ഭർത്താവും കൂട്ടാളികളും ഒത്ത് പുഷ്പ മയക്കു മരുന്ന് വില്പന നടത്തുകയായിരുന്നു.ബാംഗ്ലൂരിൽ നിന്നും മറ്റും എത്തിക്കുന്ന ലഹരിവസ്തുക്കൾ പുഷ്പയാണ് പാക്ക് ചെയ്തു ഉപയോക്താക്കൾക്ക് എത്തിക്കുന്നത്. റൂമിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടികൂടിയ മയക്കുമരുന്നിന് 2 ലക്ഷം രൂപ വിലവരും .
അതേസമയം 2023 മെയ് മാസത്തിൽ പുഷ്പ ഉൾപ്പെട്ട നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടിൽ നിന്നും 9 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ താമരശ്ശേരി കൂരിമുണ്ടയിൽ നാട്ടുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തത് പുഷ്പ ഉൾപ്പെടെയുള്ള ലഹരിമാഫിയ സംഘമായിരുന്നു. ഇതുൾപ്പെടെ നിരവധി കേസുകളിൽ ഇവർ ജയിലിൽ കിടന്നിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.