കാബൂള്‍: ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാന്‍റെ പേരുമാറ്റി താലിബാന്‍. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതിന് പകരം ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും പുതിയ പേര്. പേരു മാറ്റിയതായി താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാന്‍ തലസ്ഥാന നഗരമായ കാബൂളില്‍ നിന്നും കൂട്ടമായി നടുവിടാനുള്ള വഴിനോക്കുകയാണ് ജനങ്ങള്‍. വിവിധ അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാബൂള്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.
ആയിരങ്ങളാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. എത്രയും വേഗം അഫ്ഗാനിസ്ഥാന്‍ മണ്ണ് വിടാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ വിവിധ രാജ്യങ്ങള്‍ കാബൂളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം, കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഇതുവരെ താലിബാന്‍ പ്രവേശിച്ചിട്ടില്ല. എന്നാല്‍ ഇവിടുത്തേക്ക് ജനങ്ങള്‍ ഒഴുകാന്‍ തുടങ്ങിയതോടെ ഇവിടുത്തേക്കുള്ള എല്ലാ റോഡുകളും താലിബാന്‍ അടച്ചിരിക്കുകയാണ്. അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ സമയമാറ്റം നടത്തി. ഡൽഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30 ന് കാബൂളിലേക്ക് പുറപ്പെടും. കാബൂളില്‍ നിന്നുള്ള അടിയന്തര ദൗത്യത്തിനായി രണ്ട് വിമാനങ്ങളും വിമാന ജീവനക്കാരെയും തയ്യാറാക്കി നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി.
അഫ്ഗാനിസ്ഥാന്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ കാബൂള്‍ കൊട്ടാരത്തില്‍ താലിബാന്‍ കൊടി നാട്ടി. അഫ്ഗാന്‍ പതാക നീക്കം ചെയ്തു. കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അറബ് മാധ്യമമായ അല്‍ ജസീറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മുല്ല അബ്ദുൽ ഗനി ബറാദർ പുതിയ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് പ്രസിഡന്റിന്റ പലായനം.
താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ സര്‍ക്കാര്‍ പരാജയം സമ്മതിച്ചിരുന്നു.അഫ്ഗാന്‍ സൈന്യത്തിനെതിരെ താലിബാന്‍ വലിയ മുന്നോറ്റമാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങളും താലിബാന്‍ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന മസാറേ ശരീഫും താലിബാന്‍ അധീനതയിലായിട്ടുണ്ട്.
വ്യാഴാഴ്ച ദീര്‍ഘ കാലത്തെ പ്രതിരോധത്തിന് ശേഷം അഫ്ഗാന്‍ സേന ഹെറാത് നഗരത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതേതുടര്‍ന്ന് താലിബാന്‍ സേന നഗരം കീഴടക്കുകയും മുഴുവന്‍ ഭാഗങ്ങളിലും തങ്ങളുടെ പതാക നാട്ടുകയും ചെയ്യുകയായിരുന്നു. താലിബാന്റെ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അടുത്ത പ്രസിഡന്റാകും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അധികാര കൈമാറ്റം എങ്ങിനെയാകണം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിനെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു എന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്‍തുണക്കയുള്ള ശ്രമങ്ങള്‍ താലിബാനും നടത്തിവരുന്നുണ്ട്.
അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് ആക്രമണം ആരംഭിച്ചത്. സെപ്റ്റംബര്‍ 11 ഓടെ രണ്ട് ദശാബ്ദക്കാലത്തെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തീരുമാനിച്ചിരുന്നു.
വാഷിംഗ്ടണും ലണ്ടനും വ്യാഴാഴ്ച രാത്രിയില്‍ തങ്ങളുടെ എംബസി ജീവനക്കാരെയും മറ്റ് പൗരന്മാരെയും തലസ്ഥാനത്ത് നിന്ന് പിന്‍വലിക്കാന്‍ ആരംഭിച്ചിരുന്നു. ‘കാബൂളിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ച് സിവിലിയന്‍സിന്റെ എണ്ണം കുറയ്ക്കുമെന്ന്’ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.
ലണ്ടന്‍ സ്വദേശികളെയും മുന്‍ അഫ്ഗാന്‍ ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ലണ്ടന്‍ 600 സൈനികരെ അയക്കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. അഫ്ഗാന്‍ വ്യാഖ്യാതാക്കളെയും അമേരിക്കക്കാരെ സഹായിച്ച മറ്റുള്ളവരെയും ഒഴിപ്പിക്കാന്‍ അമേരിക്ക പ്രതിദിന വിമാനങ്ങള്‍ അയയ്ക്കാന്‍ തുടങ്ങുമെന്ന് പ്രൈസ് പറഞ്ഞു.
മെയ് അവസാനം അമേരിക്കന്‍ സേന അഫ്ഗാന്‍ വിടാന്‍ തുടങ്ങിയതോടെയാണ് രാജ്യത്ത് താലിബാന്‍ പോരാളികളും അഫ്ഗാന്‍ സേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഇതുവരെ രാജ്യത്തെ ഗ്രാമ പ്രദേശങ്ങള്‍ കീഴടക്കിയിരുന്ന താലിബാന്‍ പെട്ടെന്ന് നഗരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.