പ്രസിദ്ധമായ പാഴൂർ കൂളിമാട് അരീക്കര വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ തിറ താലപ്പൊലി മഹോത്സവം ഏപ്രിൽ 6 വ്യാഴാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ നടക്കുന്ന പരദേവതാ പൂജയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂർത്തി വെള്ളാട്ട് നടക്കും. തുടർന്ന് കരുമകൻ കരിയാത്തൻ വെള്ളാട്ട് അരങ്ങേറും. രാത്രി മൂർത്തി തിറ, കരുമകൻ കരിയാത്തൻ തിറ, തായമ്പക, ഗുളികൻ തിറ, ചാന്ത് തിറ എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ കുടി കൂട്ടൽ ചടങ്ങോടെയാണ് ഉത്സവം കൊടിയിറങ്ങുക. വെള്ളാട്ടിലും തിറയിലും മലദൈവത്തിന്റെ ഊരായ്മക്കാരായ മലമുത്തന്മാരുടെ സാന്നിധ്യം അരീക്കര വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ഉത്സവത്തിന്റെ ഭാഗമായി മുതിർന്ന തിറയാട്ട കലാകാരന്മാരെ ആദരിക്കുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രാധാകൃഷ്ണൻ അരീക്കര, എ.കെ. രാംമോഹൻ, ലക്ഷ്മിക്കുട്ടി അമ്മ, എ.പുഷ്പരാജൻ, പ്രേമചന്ദ്രൻ അരീക്കര, എ.രാമദാസൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.