മസ്കത്ത്: കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും ദിവസേന രണ്ട് സർവീസുകൾ നടത്താനും തിരുവനന്തപുരത്തേക്കുള്ള റൂട്ടുകൾ വർധിപ്പിക്കാനുമുള്ള ഒമാൻ എയറിന്റെ തീരുമാനം കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമാവും.
അടുത്ത മാസം അവസാനം മുതലാണ് ഒമാൻ എയർ സർവീസുകൾ വര്‍ധിപ്പിക്കുന്നത്. സ്കൂൾ അവധിക്കാലത്തും മറ്റു സീസണുകളിലും ടിക്കറ്റ് ലഭിക്കാത്തതുമൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഇതോടെ കുറയും. ഒമാൻ എയറിന്റെ പുതിയ വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച്, ആഴ്ചയിൽ എല്ലാ ദിവസവും 3 മണിക്ക് പുറപ്പെടുന്ന ആദ്യ വിമാനം 8.05 AM ന് കോഴിക്കോട്ടെത്തും. രണ്ടാമത്തെ വിമാനം ഉച്ചയ്ക്ക് 2.05 ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 7 മണിക്ക് കോഴിക്കോട്ടെത്തും. ഇവിടെനിന്ന് ഇന്ത്യൻ സമയം 8.55ന് തിരിച്ചുള്ള വിമാനം 10.45നും രാത്രി എട്ടിന് പുറപ്പെടുന്ന വിമാനം 11.50നും മസ്കറ്റിലെത്തും.
പുലർച്ചെ രണ്ട് മണിക്കാണ് കൊച്ചിയിലേക്കുള്ള ആദ്യ വിമാനം. ഇന്ത്യൻ സമയം 7.15ന് ലാൻഡ് ചെയ്യും. രണ്ടാമത്തെ വിമാനം രാവിലെ 8.25ന് പുറപ്പെട്ട് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.40ന് കൊച്ചിയിലെത്തും. ഇവിടെ നിന്ന് രാവിലെ 9.55-ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.05-നും വൈകീട്ട് 3.40-ന് പുറപ്പെടുന്ന വിമാനം 5.50-നും മസ്കറ്റിലെത്തും. വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസുകളുണ്ട്. രാവിലെ ഒമ്പതിന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 11.20ന് തിരുവനന്തപുരത്തെത്തും. മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് പുലർച്ചെ 2.05നും 8.25നും സർവീസുണ്ട്.
ഒമാൻ എയർ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് യാത്രാനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രവാസികൾ കരുതുന്നത്. പുതിയ ഷെഡ്യൂള്‍ നിലവിൽ വന്നതോടെ മസ്കറ്റിൽ നിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേയ്ക്കും പല ദിവസങ്ങളിലും വൺവേ 62 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. നിരക്ക് കുറയുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിലെ സ്ഥിരം യാത്രക്കാർ ഒമാൻ എയറിലേക്ക് മാറും. ഒമാൻ എയറിന്റെ സ്ഥിരം സർവീസും മികച്ച സർവീസും എയർ ഇന്ത്യ എക്സ്പ്രസിന് തിരിച്ചടിയാകുമെന്ന് പ്രവാസികൾ പറയുന്നു. ഇതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാനും സർവീസുകൾ മെച്ചപ്പെടുത്താനും എയർ ഇന്ത്യ എക്സ്പ്രസ് നിർബന്ധിതരാകുമെന്ന് യാത്രാമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലേക്കുള്ള ഒമാൻ എയർ വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചത് ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യും. കേരളത്തിലെ വിവിധ ആശുപത്രികളിൽ ഒമാനികളടക്കമുള്ള വിദേശികളുടെ ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കും. അടുത്ത കാലത്തായി ചികിത്സയ്ക്കായി കേരളത്തിലെത്തുന്ന ഒമാനികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്ന നാടാണ് കേരളമെന്ന് സ്വദേശികള്‍ക്ക് അറിയാമെങ്കിലും മതിയായ വിമാന സർവീസുകൾ ഇല്ലാത്തത് കാരണം പലരെയും പിന്തിരിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.