കോഴിക്കോട്: ഓണത്തിന് ഇക്കുറിയും വിഷമയമില്ലാത്ത പച്ചക്കറി കഴിക്കാം. വിഷ രഹിത പച്ചക്കറി വീട്ടുവളപ്പില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിച്ച ‘ഓണത്തിന് ഒരു മുറം പച്ചക്കറി ‘പദ്ധതിയ്ക്ക് ജില്ലയില്‍ അടുത്തയാഴ്ച തുടക്കമാകും.
വി.എഫ്.പി.സി.കെ (വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സില്‍ കേരളം) വഴി വിത്ത് സംഭരണം നടക്കുകയാണ്. അടുത്തയാഴ്ച മുതല്‍ 12 ബ്ലോക്കുകളിലെ കൃഷി ഭവനുകള്‍ വഴി സൗജന്യമായി കർഷകർക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യും. രണ്ട് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 20 ലക്ഷം തൈകളുമാണ് വിതരണത്തിനൊരുങ്ങുന്നത്. ഓരോ കൃഷി ഭവനുകളിലും10000ത്തി ലധികം വിത്തുകള്‍ വിതരണം ചെയ്യും. കൃഷി വകുപ്പ് ഫാമുകളില്‍ ഉത്പ്പാദിപ്പിച്ചതും വി.എഫ്.പി.സി.കെ ഉത്പാദിപ്പിച്ചതുമായ വിത്തുകളാണ് വിതരണം ചെയ്യുക. ഹൈബ്രീഡും ഉത്പ്പാദന ക്ഷമത കൂടിയതുമായ തെെകള്‍ കാർഷികകർമ സേനകള്‍, കർഷകർ, തൈകള്‍ ഫാമുകള്‍ എന്നിവയില്‍ നിന്നാണ് വാങ്ങുന്നത്. ഇത്തവണ നേരത്തേ വിത്തും തൈയും എത്തുന്നതിനാല്‍ ഓണത്തിനു മുന്നേ പച്ചക്കറി വിളവെടുക്കാം. കർഷകർ, കുടുംബശ്രീകള്‍, വിദ്യാർത്ഥികള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചാണ് പദ്ധതി.
വിത്തുപായ്ക്കില് ഇവ
വെണ്ട
പച്ചമുളക്
തക്കാളി
പയർ
ചീര
പടവലം
കയ്പ
മത്തൻ
കൃഷിയാരംഭിച്ച് കർഷകർ
അടിക്കടിയുണ്ടാവുന്ന കാലാവസ്ഥ മാറ്റം വിനയാകുന്നുണ്ടെങ്കിലും ഓണത്തിനുള്ള നാടൻ പച്ചക്കറിയാരംഭിച്ച് കർഷകർ. മത്തൻ, എളവൻ, വെള്ളരി, പടവലം, പച്ചമുളക്, വെണ്ട, കൈപ്പ തുടങ്ങിയവയാണ് ഇത്തവണ കൃഷി ചെയ്യുന്നത്. വാഴകൃഷിയില്‍ ഇടവിളയായും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. രണ്ടുമാസംകൊണ്ട് പച്ചക്കറി വിളവെടുക്കാനാവുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജൈവ പച്ചക്കറി ഉത്പ്പാദനത്തിന് പേരുകേട്ട മാവൂർ, പെരുവയല്‍, ചാത്തമംഗലം, വെള്ളൂർ, കണ്ണിപറമ്ബ് പഞ്ചായത്തുകളിലെ വയലുകളിലെല്ലാം പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്.
”ഓണം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കർഷകർക്ക് മികച്ച വിപണിവില ലഭ്യമാക്കാനും വിപണനവില നിയന്ത്രിക്കാനുമായി കർഷകച്ചന്തകളും ആരംഭിക്കും”-എ.ആർ.സുരേഷ്, കൃഷി ഓഫീസർ കോഴിക്കോട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.