കോഴിക്കോട്: വേങ്ങേരി ജങ്ഷനിൽ മേൽപ്പാതനിർമാണത്തിന്റെ ഭാഗമായി പൈപ്പ് ലൈൻ മാറ്റുന്ന പ്രവൃത്തി വെള്ളിയാഴ്ച രാത്രിയോടെ പൂർത്തിയായതായി ജല അതോറിറ്റി അറിയിച്ചു.
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം പെരുവണ്ണാമൂഴിയിൽനിന്ന് പമ്പിങ് തുടങ്ങുമെന്ന് ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ (പി.എച്ച്. ഡിവിഷൻ) എൻ.ഐ. കുര്യാക്കോസ് പറഞ്ഞു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ടാങ്കുകളിൽ വെള്ളമെത്തും.
ടാങ്കുകൾ മുഴുവനായി നിറഞ്ഞശേഷം വൈകീട്ട് മൂന്നുമണിയോടെ ടാങ്കുകൾക്കുസമീപമുള്ള വീടുകളിൽ വെള്ളംലഭിക്കും. പൈപ്പ് മാറ്റുന്ന പണിനടക്കുന്ന നാലുസ്ഥലങ്ങളിൽ രണ്ടിടങ്ങളിലെ പ്രവൃത്തി വ്യാഴാഴ്ചതന്നെ പൂർത്തിയായിരുന്നു. ഫ്ലോറിക്കൻ റോഡ്, വേദവ്യാസ ജങ്ഷൻ എന്നിവിടങ്ങളിൽ പൈപ്പ് വെൽഡ് ചെയ്യുന്ന ജോലിയാണ് വെള്ളിയാഴ്ച പകൽ നടന്നത്.
വേങ്ങേരി മേൽപ്പാത നിർമാണത്തിന്റെ ഭാഗമായി പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാനായി പെരുവണ്ണാമൂഴി ജലശുദ്ധീകരണശാല അടച്ചിട്ടതിനാൽ കോർപ്പറേഷനിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും 13 പഞ്ചായത്തുകളിലും ചൊവ്വാഴ്ച മുതൽ നാലുദിവസമാണ് കുടിവെള്ളം മുടങ്ങിയത്. തീരപ്രദേശങ്ങളിലടക്കം പലരും വെള്ളമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന സ്ഥിതിയായിരുന്നു. ചിലയിടങ്ങളിൽ കോർപ്പറേഷൻ ടാങ്കറിലും മറ്റുമാണ് വെള്ളമെത്തിച്ചത്.
മലാപ്പറമ്പിൽ ഓവർപ്പാസിന് കുഴിയെടുക്കുന്നതിനിടെ നഗരത്തിലേക്ക് താത്കാലികമായി വെള്ളമെത്തിക്കാൻ മുന്നറിപ്പില്ലാതെ വാൽവ് തുറന്നതിനെത്തുടർന്ന് പൈപ്പും വാൾവും വേർപെട്ടിരുന്നു. 45 മീറ്റർ വീതിയിലാണ് ദേശീയപാതയിലെ വേങ്ങേരി ജങ്ഷനിൽ മേൽപ്പാത പണിയുന്നത്.
പൈപ്പ് ലൈൻ മാറ്റാനാവാത്തതിനാൽ 13 മീറ്റർ മാത്രമേ ഇതുവരെ പണി പൂർത്തിയാക്കാനായിട്ടുള്ളൂ. പൈപ്പ് ലൈൻ മാറ്റിയതോടെ ബാക്കി പ്രവൃത്തി ഞായറാഴ്ചയോടെ തുടങ്ങാനാകുമെന്ന് ദേശീയപാതാ നിർമാണക്കമ്പനിയായ കെ.എം.സി. കൺസ്ട്രക്ഷൻസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.