ബേപ്പൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ട്രോളിങ് നിരോധനം ജൂലായ് 31ന് അവസാനിക്കാനിരിക്കെ ചാകര തേടി ബോട്ടുകൾ കടലിൽ ഇറങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഒട്ടുമിക്ക ബോട്ടുകളും അറ്റകുറ്റപ്പണികൾ നടത്തി പുതിയതായി തോന്നിപ്പിക്കുന്ന തരത്തിൽ പെയിൻ്റ് അടിച്ചിട്ടുണ്ട്. പുതിയ വലകൾ സ്ഥാപിക്കാനും കേടായ പഴയവ നന്നാക്കാനും ബോട്ടുടമകൾ ലക്ഷങ്ങൾ മുടക്കി. വ്യാഴാഴ്ച മുതൽ ഹാർബറിലെ ഡീസൽ ബങ്കുകൾ തുറന്ന് ആവശ്യമായ ഇന്ധനം ശേഖരിക്കാൻ ഫിഷറീസ് വകുപ്പ് പ്രത്യേക അനുമതി നൽകി. ഐസ്, ശുദ്ധജലം, തൊഴിലാളികൾക്കുള്ള ഭക്ഷണം എന്നിവ ബോട്ടുകളില്‍ കയറ്റുന്ന ജോലികളും നടന്നുവരികയാണ്.
ട്രോളിംഗ് സമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ബോട്ടുകളിൽ വല, ബോർഡ് അനുബന്ധ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വയർലെസ്, ജിപിഎസ്, എക്കോ സിസ്റ്റം, വോക്കി-ടോക്കി തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങൾ സ്ഥാപിക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ മത്സ്യലഭ്യത അനുസരിച്ച് ഒരാഴ്ചയെങ്കിലും കഴിഞ്ഞാണ് മടങ്ങുന്നത്. 52 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മത്സ്യബന്ധനം ആരംഭിക്കുമ്പോൾ ഇത്തവണയും കാലാവസ്ഥ പ്രതികൂലമാകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല എന്നിവിടങ്ങളിലായി ചെറുതും വലുതുമായ 1250 ഓളം യന്ത്രവത്കൃത ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 650 എണ്ണം ബേപ്പൂരിലാണ്. 300-ലധികം പുതിയാപ്പയിലുമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.