കോഴിക്കോട്/ബംഗളുരു: വാക്കുകളിൽ സമൃദ്ധമായി സോഷ്യലിസം വിളമ്പുകയും പ്രവൃത്തിയിൽ സോഷ്യലിസത്തെ തീണ്ടാപ്പാടു ദൂരത്തു നിർത്തുകയും ചെയ്യുന്നവരുമായി യഥാർത്ഥ സോഷ്യലിസ്റ്റുകൾക്ക് ചങ്ങാത്തം ഇല്ലെന്നും പല പാർട്ടികളിലായി നാവടയ്ക്കപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന സാധാരണപ്രവർത്തകരിലുള്ള വിശ്വാസമാണ് സോഷ്യലിസ്റ്റ് പുനരേകീകരണ സാധ്യതകളുടെ അടിത്തറയെന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റ് സി. കെ നാണു പറഞ്ഞു.
ജനതാദൾ എസ് ദേശീയ നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദൾ എസ് ഉയർത്തിപ്പിടിക്കുന്നത് സൗഹാർദത്തിന്റേയും ജനക്ഷേമത്തിന്റേയും
മതേതരത്വത്തിന്റെയും രാഷ്ട്രീയമാണ്. വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരെ ഈ തെരഞ്ഞെടുപ്പിൽ ജനം പുറം തള്ളുമെന്ന് യോഗം വിലയിരുത്തി.
ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി സംഘടനാ കാര്യങ്ങളും തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമീപന രേഖയും യോഗത്തിൽ അവതരിപ്പിച്ചു. തിരെഞ്ഞെടുപ്പിന് ശേഷം രൂപപ്പെടുന്ന വിശാല മതേതര സഖ്യം ഇന്ത്യയിൽ അധികാരത്തിൽ വരും. അത് നിലവിലെ ‘ഇന്ത്യ’ സഖ്യം തന്നെയാവണമെന്ന് നിർബന്ധമില്ല. പുതിയ സംവിധാനം രൂപപ്പെടാനും സാധ്യതയുണ്ടെന്നും സി. കെ നാണു യോഗത്തിൽ അഭിപ്രായപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയം ഉറപ്പുവരുത്താൻ കേരളത്തിൽ സജീവമായി രംഗത്തിറങ്ങാൻ പാർട്ടി പ്രവർത്തകർ പ്രതിജ്ഞബദ്ധമാണ്. മറ്റിതര സംസ്ഥാനങ്ങളിൽ മതേതര പാർട്ടികളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ദേശീയ കമ്മിറ്റി യോഗം ആഹ്വാനം ചെയ്തു.
ബീഹാറിലെ നിതീഷ്കുമാറിനെ പോലുള്ള മതനിരപേക്ഷതയുടെ ഒറ്റുകാരെ ജനം പുറംതള്ളുമെന്നും യോഗത്തിൽ നാണു പറഞ്ഞു.
കേരളത്തിൽ ജനതാദൾ (എസ്) ഘടകങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന നേതാക്കളുടെ സംയുക്ത യോഗത്തിലെ നിർദേശങ്ങൾ ദേശീയ സമിതിയോഗം സ്വാഗതം ചെയ്തു.
ജനതാപരിവാറുകൾ യോജിച്ചു നിൽക്കേണ്ട അനിവാര്യ സാഹചര്യമാണ് ഇതെന്നും സി.കെ നാണു നേതൃത്വം നൽകുന്ന ജനതാദൾ എസ് ദേശീയ ഘടകത്തെ പിന്തുണയ്ക്കാൻ മാത്യു ടി.തോമസ് എം.എൽ.എയുടെ കേരള കമ്മിറ്റി അല്പം വൈകിയാണെങ്കിലും തെയ്യാറായത് പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം എറണാകുളത്ത് മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും സി. കെ നാണു വിഭാഗവുമായ ചർച്ച നടത്തിയിരുന്നു. ആരോഗ്യകരമായ സമീപനമാണ് കേരള ജനതാദൾ നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും നേതാക്കൾ യോഗത്തിൽ വിശദീകരിച്ചു . ഓൺലൈൻ ആയി ചേർന്ന യോഗത്തിൽ അഭിഷേക് ഗൗഡ,സുരേഷ് ഏലങ്ക,അയ്യാൻ ഖാൻ,അശോക് സിംഗ്, സി. വി ശശികുമാർ, വി. ആർ ചന്ദ്രശേഖർ തുടങ്ങി എട്ടോളം സംസ്ഥാനത്തു നിന്നുമുള്ള പ്രതിനിധികൾ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.