കൊണ്ടോട്ടി: പ്രതിഷേധങ്ങൾക്കു പിന്നാലെ, കോഴിക്കോട് വിമാനത്താവളത്തിൽ ടാക്സി വാഹനങ്ങളിൽനിന്ന് 283 രൂപ ഈടാക്കുന്നത് താൽക്കാലികമായി പിൻവലിച്ചു. വിമാനത്താവളത്തിലെ അംഗീകൃത പ്രീ പെയ്ഡ് ടാക്സികൾ അല്ലാത്ത, പുറത്തുനിന്ന് എത്തുന്ന ടാക്സി വാഹനങ്ങൾ വിമാനത്താവളത്തിലെത്തി യാത്രക്കാരെ കയറ്റി പോകുകയാണെങ്കിൽ 283 രൂപ നൽകണമെന്ന നിർദേശമാണ് താൽക്കാലികമായി പിൻവലിച്ചത്. സംഭവത്തിൽ പുനഃപരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.
വാഹന പാർക്കിങ് നിരക്ക് ഇക്കഴിഞ്ഞ 16 മുതലാണ് എയർപോർട്ട് അതോറിറ്റി പുതുക്കിയത്. യാത്രക്കാരെ വിമാനത്താവളത്തിൽ എത്തിക്കുന്നതിനു പുറത്തുനിന്നുള്ള ടാക്സി വാഹനങ്ങൾക്ക് നിരക്കില്ല. എന്നാൽ, യാത്രക്കാരെ കൊണ്ടുപോകാൻ എത്തിയാൽ പുറത്തിറങ്ങുമ്പോൾ 283 രൂപ നൽകണം. അംഗീകൃത പ്രീപെയ്ഡ് ടാക്സികൾ വൻതുക നൽകിയാണ് വിമാനത്താവളത്തിനുള്ളിൽ തുടരുന്നത്. അംഗീകൃത ടാക്സികൾക്ക് ട്രിപ്പ് നഷ്ടപ്പെടാതിരിക്കാനാണു പുറത്തുള്ള ടാക്സികൾക്ക് പിക്കപ്പ് ചാർജ് ആയി 283 രൂപ തുക നിശ്ചയിച്ചത് എന്നാണ് അധികൃതർ പറയുന്നത്. ഈ തുക ഈടാക്കുന്നതാണ് താൽക്കാലികമായി നിർത്തിയത്. ഇതൊഴികെയുള്ള മറ്റു നിരക്കുകൾ ഈടാക്കുന്നതു തുടരുമെന്നു വിമാനത്താവള അധികൃതർ പറഞ്ഞു. പാർക്കിങ് ഫീസ് സംബന്ധിച്ച് പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊലീസിന്റെ കൂടി നിർദേശം കണക്കിലെടുത്താണ് 283 രൂപ ഈടാക്കുന്നത് നിർത്താൻ തീരുമാനിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.