സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങ സമരത്തിന് രണ്ട് പതിറ്റാണ്ടായി. എന്നിരുന്നാലും, 2003 ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ഭൂസമരവുമായി ബന്ധപ്പെട്ട മൂന്ന് കേസുകൾ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നു.
ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപ്പിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കല്‍, പോലീസുകാരന്‍ കെ വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് രണ്ടു പതിറ്റാണ്ടായിട്ടും തുടരുന്നത്. ഈ മൂന്നു കേസുകളും കൊച്ചി സി ബി ഐ കോടതിയിലാണ് നടന്നിരുന്നത്. 2004ലാണ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നിലവില്‍ തീപ്പിടിത്തവും വനപാലകരെ ബന്ദികളാക്കലുമായി ബന്ധപ്പെട്ട കേസ് എറണാകുളം സി ജെ എം കോടതിയിലും മറ്റു രണ്ടു കേസുകള്‍ വയനാട് ജില്ലാ സെഷന്‍സ് കോടതിയിലുമാണുള്ളത്.
കൊച്ചിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കാന്‍ സി ബി ഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയിലാണ് 2016ല്‍ രണ്ടു കേസുകള്‍ വയനാട്ടിലേക്ക് മാറ്റിയത്. രജിസ്ട്രാര്‍ മുഖേനയാണ് ആദിവാസി ഗോത്രമഹാസഭ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കിയത്.
വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ 12 സ്ത്രീകളടക്കം 74 പ്രതികളാണുള്ളത്. മുത്തങ്ങ സമരം നയിച്ച സി കെ ജാനുവും എം ഗീതാനന്ദനുമാണ് കേസില്‍ യഥാക്രമം ഒന്നും രണ്ടും പ്രതികള്‍. പ്രതികളില്‍ പത്തിലധികം പേര്‍ ഇതിനകം മരിച്ചു.
സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച 2003 ഫെബ്രുവരി 19നാണ് പോലീസുകാരന്‍ കെ വിനോദ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ നാല് സ്ത്രീകളടക്കം 57 പ്രതികളുണ്ട്. ഗീതാനന്ദനാണ് ഒന്നാം പ്രതി. ജാനു ഈ കേസില്‍ ഇല്ല. പ്രതികളില്‍ അഞ്ച് പേര്‍ ഇതിനകം മരിച്ചു.
വനത്തിനു തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തുവെന്ന കേസില്‍ നാല് സ്ത്രീകളടക്കം 53 പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം.
മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചാര്‍ജ് ചെയ്ത ഏഴ് കേസുകളില്‍ ഒന്ന് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മറ്റു കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 11 കേസുകളാണ് ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി. സി ബി ഐ അന്വേഷണത്തെത്തടുര്‍ന്നാണ് കേസുകളുടെ എണ്ണം മൂന്നായത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നു ഒഴിപ്പിക്കുന്നതിനുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം ദേശീയ ശ്രദ്ധയിലെത്തിച്ചതായിരുന്നു 2003 ജനുവരി നാലിന് മുത്തങ്ങ വനത്തില്‍ ആരംഭിച്ച ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിര്‍മാണത്തിനു കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം.
സമരം നടന്ന് 20 വര്‍ഷമായിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നത്തിനു പൂര്‍ണ പരിഹാരമായില്ല. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരടക്കം നിരവധി ആദിവാസി കുടുംബങ്ങള്‍ ഇപ്പോഴും ഭൂരഹിതരായി അവശേഷിക്കുകയാണ്. സമരത്തില്‍ പങ്കെടുത്തതില്‍ ചില കുടുംബങ്ങള്‍ക്ക് പതിച്ചുകിട്ടിയത് വാസയോഗ്യമല്ലാത്ത ഭൂമിയാണെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്.
നിലവില്‍ ഗോത്രമഹാസഭ ഉള്‍പ്പെടെ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ തെക്കേ വയനാട് വനം ഡിവിഷനിലെ പാമ്ബ്ര കാപ്പിത്തോട്ടത്തില്‍ ഭൂസമരം നടന്നുവരികയാണ്.
മുത്തങ്ങ സമരത്തിന്റെ 20 വാര്‍ഷികദിനം ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ ഇന്ന് ആചരിക്കുകയാണ്. രാവിലെ മുത്തങ്ങ തരപ്പാടി ജോഗി സ്മാരകത്തില്‍ പുഷ്പാര്‍ച്ച നടത്തി. വൈകുന്നേരം നാലിന് സുല്‍ത്താന്‍ ബത്തേരി ടിപ്പുസുല്‍ത്താന്‍ പ്ലെയ്‌സില്‍ അനുസ്മരണ സമ്മേളനം നടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.