ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതുതായി പ്രഖ്യാപിച്ച ഇളവുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗമാണ് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.മാർച്ച് 12 ശനിയാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.
വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലെ ആളുകളുടെ ശേഷിയിലും അനുവദനീയമായ എണ്ണത്തിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കും. സർക്കാർ ജീവനക്കാരും സ്വകാര്യ മേഖലയിലെ ജീവനക്കാരും പൂർണമായും ജോലി സ്ഥലത്തെത്തി ജോലി ചെയ്യണം.
അടച്ച പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനം വാക്സിനെടുത്തവർക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും മാത്രമായിരിക്കും.എന്നാൽ,വാക്സിൻ പൂർത്തിയാക്കാത്തതോ ഇതുവരെ സ്വീകരിക്കാത്തതോ ആയ എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപിഡ് ആന്റിജൻ പരിശോധന നടത്തണം.ഇത്തരക്കാർക്ക് ആകെ ശേഷിയുടെ 20 ശതമാനത്തിൽ കവിയാത്ത നിരക്കിലായിരിക്കും പ്രവേശനം.ശാരീരിക പരിശീലന ക്ളബ്ബുകൾ(ജിമ്മുകൾ),വിവാഹ പാർട്ടികൾ,കായിക പരിപാടികൾ,കോൺഫറൻസുകൾ,എക്സിബിഷനുകൾ,ഈവന്റുകൾ,റെസ്റ്റോറന്റുകളും കഫേകളും,അമ്യുസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും,നീന്തൽക്കുളങ്ങളും ജല വിനോദ കേന്ദ്രങ്ങളും,തിയേറ്ററുകളും സിനിമാശാലകളും തുടങ്ങിയവയിൽ ഈ നിബന്ധന ബാധകമായിരിക്കും.അടച്ചിട്ട സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് പരമാവധി 24 മണിക്കൂർ മുമ്പാണ് റാപിഡ് പരിശോധന നടത്തേണ്ടത്. തുറസ്സായ സാധാരണ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല.എന്നാൽ അടച്ചിട്ട പൊതുസ്ഥലങ്ങളാണെങ്കിൽ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.മാർക്കറ്റുകൾ,ഈവന്റുകൾ,എക്സിബിഷനുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം. തുറസ്സായ സ്ഥലങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തേണ്ടി വരുന്ന തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. ഇഹ്തിറാസ് ആപ് ഇല്ലാതെ പുറത്തിറങ്ങരുതെന്ന നിബന്ധന തുടരും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.