കോഴിക്കോട്: ക്രിസ്മസ് അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നു. സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങളുടെ മാതൃക പുറത്തുവന്നത്. വ്യാഴാഴ്ചയായിരുന്നു പ്ലസ് വൺ കണക്ക് പരീക്ഷ. പരീക്ഷയ്ക്കുവന്ന 23 മാർക്കിന്റെ ചോദ്യങ്ങൾ ബുധനാഴ്ച രാത്രി സ്വകാര്യ ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവന്നു.
ചോദ്യത്തിന്റെ ക്രമംപോലും തെറ്റാതെ ചർച്ചചെയ്യുന്ന വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് അധ്യാപകർ പറയുന്നു. ഫോണിലൂടെയും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പിലൂടെയും കുട്ടികൾ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ചോദിച്ചതാണ് സംശയത്തിനിടയാക്കിയത്. ബുധനാഴ്ചനടന്ന എസ്.എസ്.എൽ.സി. ഇംഗ്ലീഷ് പരീക്ഷയിൽ ആകെയുള്ള 80 മാർക്കിന്റെ ചോദ്യങ്ങളിൽ 70 ശതമാനവും ഓൺലൈൻ ചാനൽ പ്രവചനത്തിലുണ്ട്. പത്താംക്ലാസ് ചോദ്യച്ചോർച്ചയിൽ കോഴിക്കോട് പൊതുവിദ്യാഭ്യസ ഉപഡയറക്ടർ സി. മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നൽകി. സംഭവവുമായി പൊതുവിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്നും സി. മനോജ് കുമാർ ആവശ്യപ്പെട്ടു.
അധ്യാപകർക്കിടയിലും ചോദ്യച്ചോർച്ച ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയ്ക്കും ഈ വർഷത്തെ ഓണപ്പരീക്ഷയ്ക്കും സമാനമായ ആരോപണങ്ങളുണ്ടായിരുന്നു. പരീക്ഷയ്ക്ക് തയ്യാറെടുക്കാതെ ഓൺലൈൻ പ്രവചനത്തിനായി കാത്തിരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. നേരത്തേ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടും വിദ്യാഭ്യാസവകുപ്പ് കാര്യമായ അന്വേഷണമൊന്നും നടത്തിയിട്ടില്ല. സംഭവത്തിൽ പോലീസിൽ പരാതിപ്പെട്ട് നിയമനടപടികളിലേക്ക് നീങ്ങാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ നിർദേശിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.