യാത്രക്കാർ വളരെ കുറവുള്ള റിസർവ്ഡ് കോച്ചുകളെ ജനറൽ കോച്ചാക്കി മാറ്റാനുള്ള നീക്കവുമായി റെയിൽവേ. ഇത്തരം തീവണ്ടികൾ കണ്ടെത്തി സാധ്യതകൾ പരിശോധിക്കാൻ സോണൽ അധികൃതർക്ക് റെയിൽവേ മന്ത്രാലയം നിർദേശം നൽകി. ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നാണ് റെയിൽവേ കണക്കുകൂട്ടുന്നത്.
വളരെ കുറച്ച് യാത്രക്കാർ മാത്രമുള്ള റിസർവ്ഡ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ സാധാരണ കോച്ചുകളാക്കി മാറ്റി ദൈനംദിന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. ഇത് റെയിൽവേയുടെ വരുമാനം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
എ.സി ഫസ്റ്റ് ക്ലാസ് കോച്ചിൽ 18 മുതൽ 24 ബർത്തും ടു ടയർ എ.സിക്ക് 48 മുതൽ 54 വരെ ബർത്തുകളുമുണ്ട്. ത്രീ ടയർ എ.സി. കോച്ചിൽ 64 മുതൽ 72 ബർത്തുകളും സ്ലീപ്പർ കോച്ചിൽ 72 മുതൽ 80 വരെ ബർത്തുകളുമുണ്ടാകും. അതേസമയം, റിസർവ് ചെയ്യാത്ത ഒരു സാധാരണ കോച്ചിൽ 90 പേർക്ക് യാത്ര ചെയ്യാം. സാധാരണ കോച്ചുകളിൽ ഇതിന്റെ ഇരട്ടി യാത്രക്കാരെയാണ് കാണുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാധാരണ കോച്ചുകളുടെ എണ്ണം കുറച്ചതും തിരക്ക് കൂട്ടാൻ കാരണമായി. പകരം ത്രീ ടയർ എ.സി. കോച്ചുകളുടെ എണ്ണം കൂട്ടുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.