മസ്കത്ത്: ഒമാനിൽ മഴയെ തുടർന്ന് ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് (സി.ഡി.എ.എ) സംഘം കണ്ടെത്തിയതോടെയാണ് എണ്ണം വർധിച്ചത്. ആദം സ്റ്റേറ്റിലെ വാദി ഹൽഫിൻ തടാകത്തിൽ കുടുങ്ങികിടന്ന കാറിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.
അതേസമയം, അഞ്ച് പേർ സഞ്ചരിച്ച വാഹനം ദുഖ്മൻ താഴ്വരയിൽ അപകടത്തിൽപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് പേരെ സി.ഡി.എ.എ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ശക്തമായ മഴയെ തുടർന്ന് കരകവിഞ്ഞൊഴുകിയ സമദ് അൽഷാൻ വാദിയിൽ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ആറ് പൗരമാരും 10 കുട്ടികളും നേരത്തെ മരണപ്പെട്ടിരുന്നു.
നാഷ്ണൽ എമർജൻസി മാനേജ്മെന്റ് സെന്ററിന് (എൻ. സി.ഇ.എം) ഞായറാഴ്ച മുതൽ അപകട വിവരം അറിയിച്ച് കൊണ്ട് 78ലധികം കോളുകൾ ലഭിച്ചതായി എൻ. സി.ഇ.എം ഔദ്യോഗിക വക്താവ് ലഫ്റ്റനന്റ് കേണൽ മുഹമ്മദ് ബിൻ സലാം അൽ ഹാഷിമി പറഞ്ഞു. വടക്കൻ ശറക്കിയ, തെക്കൻ ശറക്കിയ, അൽ ദഖിലിയ, തെക്കൻ ബാത്തിന എന്നീ ഗവർണറേറ്റുകൾ ശക്തമായ മഴ തുടരുകയാണെന്നും കാണാതയവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സമദ് അൽഷാനിലെ വാദിയിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെ വാഹനത്തിൽ നിന്ന് രണ്ട് പേരെ പൊലീസ് ഏവിയേഷൻ സംഘം ഞായറാഴ്ച രക്ഷിച്ചിരുന്നു.
ഇതുകൂടാതെ വടക്കൻ ശറക്കിയ ഗവർണറേറ്റിലെ ഇബ്രാ വിലായത്ത് വാദിയിൽ കുടുങ്ങിയ സ്കൂൾ ബസിൽ നിന്നും 27 പേരെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്മെന്റ് നേരത്തെ രക്ഷിച്ചിരുന്നു. വിലായത്ത് നിസ്വയിൽ വെള്ളത്തിൽ കുടുങ്ങിയ സ്കൂൾ ബസിൽ നിന്ന് 21 വിദ്യാർഥികളെയും രക്ഷിച്ചു.സമദ് അൽഷാൻ വാദി അപകടകരമായ നിലയിൽ ഒഴുകിയതിനെ തുടർന്ന് മുദൈബിയിലെ റൗദ സ്കൂൾ കെട്ടിടം മഴവെള്ളത്തിൽ മുങ്ങി. ഇതിനെതുടർന്ന് നിരവധി പേർ സ്കൂളിനുള്ളിൽ കുടുങ്ങി. കൂടാതെ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ ഒഴുകിപ്പോവുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.