കോഴിക്കോട്: പുതിയ അധ്യയന വർഷം സർക്കാർ സ്കൂളുകളിലെ താല്‍ക്കാലിക നിയമനങ്ങളിലും സംവരണം പാലിക്കാൻ ഉത്തരവ്.
ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാമത്തെ ഒഴിവ് സംവരണ വിഭാഗത്തിലും നല്‍കണം. പട്ടിക വിഭാഗങ്ങളിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും (ഒ.ബി.സി) പെട്ടവർക്കാണ് സംവരണം. ഇതടക്കം സർക്കാർ സകൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളില്‍ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കി.
ഹൈകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതത് ജില്ലകളിലെ പി.എസ്.സി റാങ്ക് പട്ടികയില്‍പെട്ട ഉദ്യോഗാർഥികള്‍ക്ക് അവരുടെ റാങ്ക് അടിസ്ഥാനത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും ചുരുക്ക പട്ടികയാണ് നിലവിലുള്ളതെങ്കില്‍ പ്രായക്കൂടുതല്‍ ഉള്ളവർക്ക് മുൻഗണന നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റർ ചെയ്തതും രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ രജിസ്റ്റർ നമ്ബർ, പ്രായം എന്നീ ക്രമത്തില്‍ രണ്ടാമതായി പരിഗണന നല്‍കണം. ഉദ്യോഗാർഥികള്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് ഹാജരാക്കുകയും വേണം. മേല്‍ സൂചിപ്പിച്ച രണ്ട് വിഭാഗത്തിലും ഉദ്യോഗാർഥികള്‍ ഇല്ലെങ്കില്‍ മാത്രമേ നിശ്ചിത യോഗ്യതയുള്ള മറ്റ് അപേക്ഷകരെ പരിഗണിക്കേണ്ടതുള്ളൂ. ഒരാള്‍ക്ക് ഒരു സ്ഥാപനത്തില്‍ പരമാവധി അഞ്ച് തവണ മാത്രമേ ദിവസ വേതന നിയമനം നല്‍കാവൂ എന്നും ഉത്തരവില്‍ പറയുന്നു.
നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കില്‍ സ്കൂള്‍ കലണ്ടർ പ്രകാരമുള്ള അവസാന പ്രവൃത്തിദിനം വരെ തുടരാൻ അനുവദിക്കാം. നിയമനശേഷം ഒഴിവില്ലാതെ വരുന്ന സാഹചര്യം വന്നാല്‍ റാങ്ക് പട്ടികയില്‍ താഴെ വരുന്ന വ്യക്തി ആദ്യം പുറത്ത് പോകേണ്ടിവരുമെന്ന നിബന്ധന പാലിക്കണം. സ്കൂള്‍ സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ, സ്കൂള്‍ പ്രധാനാധ്യാപകൻ, അതത് വിഷയങ്ങളിലെ സീനിയർ അധ്യാപകൻ എന്നിവർ മാത്രമേ ഇന്റർവ്യൂ ബോർഡില്‍ ഉണ്ടാവാൻ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളില്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്പെട്ടവർക്കെല്ലാം ഒരേ വെയ്റ്റേജ് ആണ് നല്‍കിയിരുന്നത്. റാങ്ക് അനുസരിച്ച് വെയ്റ്റേജ് നല്‍കുന്നതോടെ നിയമനം കൂടുതല്‍ സുതാര്യമാവും. അതേസമയം, എംപ്ലോയ്മെന്റ് രജിസ്ട്രേഷനോ രജിസ്ട്രേഷൻ സീനിയോറിറ്റിയോ പ്രായമോ ഒന്നും ഇതുവരെ നിയമനത്തിന് പരിഗണിച്ചിരുന്നില്ല. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നടത്താത്തവർക്കും പുതുക്കാത്തവർക്കും പുതിയ ഉത്തരവ് തിരിച്ചടിയാവുകയുംചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










