യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ. വീസ കാലാവധി കഴിഞ്ഞവർക്കും മാനുഷികപരിഗണനയുടെ പേരിൽ പ്രവേശനാനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും കോൺസൽ ജനറൽ അമൻ പുരി പറഞ്ഞു.
വാക്സീൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വീസക്കാർക്കും ദുബായിലേക്ക് പ്രവേശനാനുമതിയുണ്ട്. എന്നാൽ, യുഎഇയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലേക്ക് പ്രവേശനാനുമതി. ഈ നിയന്ത്രണമുള്ളതിനാൽ ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വീസക്കാർ ഇന്ത്യയിൽ നിന്ന് വാക്സീൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും മടങ്ങാനാകാത്ത സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് എല്ലാ നിയന്ത്രണങ്ങളും ഈ മാസാവ സാനത്തോടെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അറിയിച്ചത്.
ആറു മാസത്തിലധികം നാട്ടിൽ കഴിയുന്നവർക്കും വീസ കാലാവധി കഴിഞ്ഞവർക്കും ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളിലേക്ക് മടങ്ങുന്നതിന് തടസമുണ്ട്. ഇക്കാര്യത്തിലും യുഎഇ സർക്കാരിൻറെ അനുഭാവപൂർണമായ സമീപനം പ്രതീക്ഷിക്കുന്നു. ഒക്ടോബർ ഒന്നിന് ദുബായ് എക്സ്പോ തുടങ്ങാനിരിക്കെ സന്ദർശകവീസയിലുള്ളവർക്കും പ്രവേശനം അനുവദിക്കുമെന്നത് ജോലി തേടുന്നവർക്കടക്കം സഹായകരമാകുമെന്നാണ് പ്രതീക്ഷ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.