കോഴിക്കോട്: ബ്ലോഗറും യൂട്യൂബറുമായ കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ്. ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
മരണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഭർത്താവ് മെഹനാസിനെതിരായ പൊലീസ് അന്വേഷണത്തിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് റിഫയുടെ പിതാവ് റഷീദ് പറഞ്ഞു. കുറ്റവാളികളെ പോലീസിന് മുന്നിൽ കൊണ്ടുവരണം. എല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ട്. കുറ്റപ്പെടുത്തേണ്ടത് ഒരാളെ മാത്രമല്ല, മരണത്തിൽ മെഹനാസിന്റെ സുഹൃത്തുക്കൾക്ക് പങ്കുണ്ടെങ്കിൽ അത് അന്വേഷണത്തിൽ തെളിയട്ടെ. സത്യം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും റിഫയുടെ പിതാവ് കൂട്ടിച്ചേർത്തു.
റിഫയുടെ മരണത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. റിഫയുടെ ഉമ്മയുടെ പരാതിയിൽ കോഴിക്കോട് കാക്കൂർ പോലീസ് ആണ് കേസെടുത്തത്. ആത്മഹത്യാ പ്രേരണ, മാനസികവും ശാരീരികവുമായ ഉപദ്രവം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഹനാസ് റിഫയ്ക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് റിഫയെ മർദിച്ചെന്നും പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. താമരശ്ശേരി ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും 3 വർഷം മുമ്പാണ് വിവാഹിതരായത്. കാസര്‍കോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24 ന് ആയിരുന്നു റിഫ മെഹ്നു പര്‍ദ കമ്ബനിയില്‍ ജോലിക്കായി ദുബായിലെത്തിയത്. ഇവര്‍ക്ക് 2 വയസ്സുള്ള മകനുണ്ട്. മെഹ്നാസ് നാട്ടിലുണ്ട്. ജോലിക്കായി ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.