മുക്കം: ഏഴുകോടി രൂപ ചെലവിൽ നവീകരിക്കുന്ന ചുള്ളിക്കാപറമ്പ്-ചെറുവാടി-കവിലട റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ റോഡ് പണിയുടെ ഭാഗമായി ഒരു ഗ്രൗണ്ടും ഉപയോഗശൂന്യമായി. കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി മൈതാനമാണ് അധികൃതരുടെ അനാസ്ഥമൂലം ഉപയോഗയോഗ്യമല്ലാതായത്.
റോഡ് പണി തുടങ്ങിയപ്പോൾ ചുള്ളിക്കാപറമ്പിൽ നിന്ന് ചെറുവാടിയിലേക്കും തിരിച്ചുമുള്ള റോഡിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും മൈതാനം ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു. കനത്ത മഴയിൽ ഗ്രൗണ്ടിലൂടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുമ്പോൾ മൈതാനം ചെളിക്കുളമായി മാറുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. റോഡ് പണിയുടെ ഭാഗമായി മണ്ണും കല്ലും കൂട്ടിയിട്ടതോടെ ഗ്രൗണ്ടിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
ഗ്രാമത്തിലെ യുവാക്കളും ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും ഈ ഗ്രൗണ്ടിൽ കളിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. ഈ പരിശീലനവും ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുകയാണ്. നിലത്തിറങ്ങാൻ ഒരു റാംപ് പോലും നിർമിച്ചിട്ടില്ല. നാട്ടിലെ പൊതുപരിപാടികൾക്കും കളിക്കാനും നിരവധി പേർ ഉപയോഗിച്ചിരുന്ന ഈ മൈതാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.