മക്ക: ഈ വർഷത്തെ ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കല്ലേറ് ചടങ്ങിന് തീർഥാടകരുടെ ഒഴുക്ക് തുടരുന്നു. രണ്ട് ദശലക്ഷം പേരാണ് ഇത്തവണ ഹജ്ജിന് എത്തിയിരിക്കുന്നത്. മിനയിലും പരിസരത്തും അവർക്കായി ഒരു ലക്ഷത്തിലധികം തമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. മിനയിലെ ടെന്റുകളിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ ആർഎസ്‌സി വോളന്റിയർമാർ സജീവമായി രംഗത്തുണ്ട്.
തീർഥാടകർക്ക് ഭക്ഷണം വിതരണം ചെയ്യാനും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും ഔദ്യോഗിക സംവിധാനത്തോടൊപ്പം പ്രവർത്തിക്കുന്ന ആർഎസ്‌സി വളണ്ടിയർമാരുടെ സേവനം മാതൃകാപരമാണ്. കല്ലേറ് ചടങ്ങിനായി മിനായിലും പരിസരത്തുമായി തമ്പുകളിൽ നിന്ന് കിലോമീറ്ററുകളോളം നടന്ന് പോകേണ്ട തീർഥാടകർ കടുത്ത ചൂടിൽ ദേഹാസ്വാസ്ഥ്യം അനുഭവിക്കുന്നത് പതിവ് കാഴ്ചയാണ്. അത്തരം തീർഥാടകരെ ജംറകളിലേക്കും അവരുടെ വസതികളിലേക്കും തിരികെ കൊണ്ടുപോകുന്നതിന് ആർഎസ്‌സി നിരവധി സ്ഥലങ്ങളിൽ വീൽചെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം ഏഴ് കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന മിനയിലെ റെന്റ് പ്രദേശങ്ങളിൽ നിന്ന് ജംറ, മസ്ജിദുൽ ഹറാം, മുസ്ദലിഫ, അസീസിയ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വഴികൾ മനസ്സിലാക്കാൻ പ്രയാസമാണ്. ദിശാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭാഷാപരിജ്ഞാനമില്ലായ്മയാണ് തടസ്സമാകുന്നത്.
ആർഎസ്‌സിയുടെ പ്രത്യേക പരിശീലനം ലഭിച്ച വോളന്റിയർമാർ നൽകുന്ന സേവനം തീർഥാടകരെ ഇത്തരം പ്രദേശങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നു. സന്നദ്ധപ്രവർത്തകർക്കും തീർഥാടകർക്കും കൃത്യമായ നിർദേശങ്ങളും വിവരങ്ങളും നൽകുന്നതിനായി മിനയോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.