കോഴിക്കോട്: പാചകം എല്ലാവർക്കും പ്രാപ്യമാക്കാൻ ‘കുക്കീസ്-എന്റെ ഭക്ഷണം എന്റെ ഉത്തരവാദിത്വം’ എന്ന പദ്ധതിയുമായി സമഗ്രശിക്ഷാ കോഴിക്കോട്. പദ്ധതിയിലൂടെ ആൺകുട്ടികൾക്ക് വീട്ടുജോലിക്ക് പരിശീലനം നല്കുകയാണ്.
വേനലവധിക്കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബി.ആർ.സി.യുടെ കീഴിൽ നടത്തുന്ന ക്യാമ്പുകൾക്കൊപ്പം യു.പി.-ഹൈസ്കൂൾ കുട്ടികൾക്ക് പാചക കല പരിശീലനവും നൽകുന്നുണ്ട്.
ഏറ്റവും എളുപ്പമുള്ള രീതിയിൽ പാചകം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് കുക്കീസിലൂടെ ചെയ്യുന്നത്. വീട് വൃത്തിയാക്കുന്നതിൻ്റെ പ്രായോഗിക പാഠങ്ങളും നൽകും.
പരിശീലനത്തിനു ശേഷം കുക്കറി ഷോയും നടത്തും. നിലവിൽ മറ്റ് ജില്ലകളിലൊന്നും കുക്കീസ് ആരംഭിച്ചിട്ടില്ല. ഒരു പരീക്ഷണം എന്ന നിലയിലാണ് കോഴിക്കോട് തുടങ്ങിയത്. ലിംഗസമത്വവും വീട്ടുജോലികളിൽ തുല്യ പങ്കാളിത്തവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എസ്. എസ്.കെ. ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഡോ.എ.കെ. അബ്ദുൾ ഹക്കീം പറഞ്ഞു.
സാഹിത്യം, തിയേറ്റർ, ഇലക്ട്രോണിക്സ്, പെയിൻ്റിംഗ്, എയ്റോബിക്സ്, സംഗീതം, ആയോധനകല, കരകൗശലവസ്തുക്കൾ, കായികം, ഗോത്രകലകൾ തുടങ്ങിയ മേഖലകളിലും പരിശീലനം നൽകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.