മാവൂർ: ചാലിയാറിൽ നിന്നുള്ള അനധികൃത മണൽക്കടത്ത് വ്യാപകമാകുന്നു. പകൽസമയത്തും മണൽക്കടത്ത് സംഘങ്ങൾ സജീവമാണ്. ഗ്രാമപ്പഞ്ചായത്ത് നേരത്തെ ഇടപെട്ട് വാർവുകളിലേക്കുള്ള റോഡ് അടച്ചിരുന്നു.
കോൺക്രീറ്റ് കാല്‍നാട്ടി പാത വാഹനങ്ങൾ കടന്നുപോകാനാകാത്ത നിലയിലാക്കി. മാവൂർ പൊലീസിൻ്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഇരുമ്പ് പൈപ്പോ ചെയിനോ ഉപയോഗിച്ച് ബന്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിൽ നടപടിയുണ്ടായില്ല. എന്നാൽ, ഇതിനിടയിൽ ചില കോൺക്രീറ്റ് തൂണുകളുടെ കാലുകൾ മണൽ വാരുന്നവർ നീക്കം ചെയ്തിട്ടുണ്ട്. കൽപ്പള്ളി കടവിൽ മണൽ കടത്ത് തടയാൻ നിലവിൽ സംവിധാനമില്ല. രാത്രികാലങ്ങളിൽ ഇവിടെനിന്നാണ് മണൽ കടത്തുന്നത്.
ഈ ഭാഗത്ത് വഴിവിളക്കുകൾ അണച്ചിരിക്കുകയാണ്. മണന്തലക്കടവിൽ വാഹനം ഇറക്കാൻ കഴിയുന്ന അകലത്തിലാണ് തൂണുകൾ. കരിങ്കൽ ചീളുകള്‍ പാകി വാഹനങ്ങൾ പുഴയിലേക്ക് ഇറക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ പോലീസിൻ്റെ നീക്കം അറിയാൻ റോഡിൽ പട്രോളിങ് നടത്താനും ആളുണ്ട്. അകമ്പടിയായി വേറെയും ആളുകളുണ്ടാകും. ബാഗിൽ മണൽ നിറച്ച് കടവിനു സമീപം സൂക്ഷിക്കുന്നുമുണ്ട്.
മണൽചാക്കുകൾ നിറച്ച് പകൽ സമയങ്ങളിൽ കാറിൽ ആവശ്യക്കാർക്ക് എത്തിക്കുന്നുമുണ്ട്. മാവൂർ ടൗണിലൂടെ കെട്ടാങ്ങൽ റോഡ് വഴിയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം നിരവധി ലോഡുകൾ പോയത്. നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. റവന്യൂ വകുപ്പും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.