കോഴിക്കോട്: മെഡിക്കല്‍ കോളജിലെ സീവേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കോര്‍പറേഷന്‍ നിര്‍മിച്ച രണ്ട് പ്ലാന്‍റുകളെ ഗസ്റ്റ് ഹൗസിനു സമീപത്തുള്ള രണ്ട് ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കുമായി പൈപ്പ്‌ലൈന്‍ വഴി ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി. ടാങ്കിലേക്ക് പമ്ബ് ചെയ്യാനായി രണ്ട് മോട്ടോറുകള്‍ ഉടന്‍ സ്ഥാപിക്കും.
നഴ്‌സിംഗ് കോളജിന് സമീപമുള്ള പ്ലാന്‍റില്‍നിന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ പൈപ്പിട്ടിട്ടുണ്ട്. ശുചീകരിച്ച വെള്ളം ഓവര്‍ഹെഡ് ടാങ്കിലെത്തുന്നതിനനുസരിച്ച് കനോലി കനാലിലേക്ക് ഒഴുക്കിവിടും. പൈപ്പിടലും സുരക്ഷാഭിത്തി നിര്‍മാണവുമുള്‍പ്പെടെ “അമൃത്’പദ്ധതിയില്‍ രണ്ടേകാല്‍ കോടി ചെലവഴിച്ചാണ് കോര്‍പറേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്. വൈദ്യുതി ലഭിക്കുന്നതോടെ ശുചിമുറി മാലിന്യം പ്ലാന്‍റിലെത്തിക്കാന്‍ കഴിയും.
ഓടകള്‍ വഴി മഴവെള്ളവും മലിനജലവും പഴയ രണ്ട് എംഎല്‍ഡി എസ്ടിപിയുടെ സംഭരണ കിണറില്‍ എത്തുന്നതും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും മറ്റുമുണ്ടാകുന്ന വെള്ളക്കെട്ടും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടി ആരംഭിച്ചു. മഴവെള്ളം മഴവെള്ളസംഭരണിയിലേക്കും മലിനജലം എസ്ടിപിയിലേക്കും പൈപ്പിട്ട് വേര്‍തിരിച്ച് കൊണ്ടുപോകാനുള്ള പ്രവൃത്തിക്കുള്‍പ്പെടെ മൂന്ന് കോടിയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.