കോഴിക്കോട് കോടഞ്ചേരിയിൽ മിശ്രവിവാഹം കഴിച്ചതിന്റെ പേരിൽ വിവാദത്തിലായ ജോയ്സ്ന സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി. വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി . ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹർജി ഹൈക്കോടതി തീർപ്പാക്കി. ജോയ്സ്നയ്ക്ക് ഷിജിനൊപ്പം പോകാൻ അനുമതി നൽകി.അതെ സമയം ജോയ്സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജോയ്സ്നയോട് നേരിട്ടാണ് സംസാരിച്ചത്. താൻ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേൽ ഒരുതരത്തിലുമുള്ള സമ്മർദ്ദവുമില്ല എന്നും തനിക്ക് മാതാപിതാക്കളോട് ഇപ്പോൾ സംസാരിക്കാൻ താത്പര്യമില്ല മാത്രവുമല്ല അവരെ ഇപ്പോൾ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്സ്ന കോടതി മുമ്പാകെ വ്യക്തമാക്കി.
എന്നാൽ ജോയ്സ്നയെ നിർബന്ധപൂർവം തട്ടിക്കൊണ്ട് പോയതാണെന്നും, ഷിജിനും ജോയ്സ്നയും രാജ്യം വിടാൻ സാധ്യതയുണ്ടെന്നും അച്ഛൻ ജോസഫ് കോടതിയിൽ പറഞ്ഞു. എന്നാൽ വിദേശത്തേക്ക് പോകണമോ വേണ്ടയോ എന്ന കാര്യമെല്ലാം അവർ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.