കർണാടകയിലെ വനത്തില്‍ വനപാലകരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് വഴിവെച്ചു. ചാമരാജനഗർ ജില്ലയിലെ ഹാനൂരിലാണ് സംഭവം. രോഷാകുലരായ ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കാവേരി വൈല്‍ഡ് ലൈഫ് സാങ്ച്വറി ഓഫീസ് ആക്രമിച്ചു തകർത്തു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മറ്റും റോഡിലേക്ക് വലിച്ചെറിഞ്ഞു.
ഓഫീസിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് മുൻകരുതല്‍ നടപടിയായി പോലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കാൻ ഹാനൂരില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തില്‍ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് കർണാടക ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
ആയുധങ്ങള്‍ താഴെവെച്ച് കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും അവർ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ വെടിവെപ്പില്‍ മൂന്നുപേരും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം ഹാനൂർ താലൂക്കിലെ തോമിയാർപാളയം സ്വദേശികളാണ്. മൃതദേഹങ്ങള്‍ മൈസൂരുവിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








