വടകര: സർക്കാർ ബീവറേജസ് കോർപ്പറേഷനു നല്കുന്ന പരിഗണന പ്രകൃതിയില്‍ നിന്ന് സംഭരിക്കപ്പെടുന്ന കള്ള് വ്യവസായത്തോട് കാണിക്കുന്നില്ല.
ഈ മേഖല തന്നെ അന്യം നിന്നേക്കുമോയെന്നുമുള്ള ഭയത്തിലാണ് കള്ള് ഷാപ്പുമായി ബന്ധപ്പെട്ട് ജീവിതം തള്ളുന്നവർ. കള്ള് ചെത്തിന് പാരമ്ബര്യ രീതി ഉപേക്ഷിച്ചത് തിരിച്ചടിയായോ എന്ന സംശയത്തിലാണ് തൊഴിലാളികള്‍. തെങ്ങ് ചെത്തിന് പരമ്ബരാഗത രീതി ഉണ്ടായിരുന്നു. നേരത്തെ ചെത്തുകാരൻ മൂന്നുനേരം തെങ്ങില്‍ കയറണമെന്നത് നിർബന്ധമായിരുന്നു. രാവിലെയും വൈകിട്ടും കള്ളെടുക്കാനും ഉച്ചയ്ക്ക് തെങ്ങിന്റെ മണ്ടയും കുലയും വൃത്തിയാക്കാനും. എന്നാല്‍ ഇതിപ്പോള്‍ രണ്ടുനേരമായി ചുരുങ്ങി.
നേരത്തെ ചെത്തിയ കുലയില്‍ ഏച്ചില്‍ എന്ന ഔഷധ സസ്യത്തിന്റെ ഇലച്ചാന്ത് തേക്കുമായിരുന്നു. എന്നാല്‍ നിലവില്‍ പ്രത്യേകതരം ചെളിയാണ് തേക്കുന്നത്. ഇത് കള്ളിന്റെ രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ടാക്കിയതായി ഉപഭോക്താക്കള്‍ പറയുന്നു. ഏച്ചില്‍ ഇല പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കാൻ ഏറെ നേരത്തെ അധ്വാനം വേണം. ഇതിന് പകരമായാണ് യാതൊരു മെനക്കേടുമില്ലാത്ത ചെളി പ്രയോഗം. കള്ള് ചെത്ത് വ്യവസായത്തെ പഴയ പ്രതാപത്തില്‍ നിലനിറുത്താൻ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും പുതുതായി ആരും ഈ മേഖലയിലേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.
നീരയും വിജയിച്ചില്ല
ഒരു ഘട്ടത്തില്‍ നീര വ്യാപകമാക്കുന്നതിന്റെ ഭാഗമായി നിരവധി യുവാക്കള്‍ ചെത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ നീരയുടെ നിലനില്പ് പരുങ്ങലിലായതോടെ ഇവർ പിന്മാറി. മാറി മാറി വന്ന സർക്കാരുകളുടെ അവഗണനയാണ് കള്ള് വ്യവസായത്തോട് കാണിക്കുന്നതെന്ന് ഷാപ്പ് നടത്തിപ്പുകാരും തൊഴിലാളികളും പറയുന്നു. വടകര റെയിഞ്ച് പരിധിയിലുണ്ടായിരുന്ന 25 ഷാപ്പുകളില്‍ നിലവില്‍ 17 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്.
പരിഗണന മദ്യത്തിന്
ആരാധനാലയങ്ങളുടേയും സ്കൂളുകളുടേയും 50 മീറ്റർ ദൂരപരിധിക്കുള്ളില്‍ വിദേശമദ്യഷോപ്പുകളും ബാറുകളും പാടില്ല. എന്നാല്‍ കള്ളുഷാപ്പുകള്‍ക്ക് 400 മീറ്റർ അകലം വേണമെന്ന നിയമത്തിന് യാതൊരു ഇളവും അനുവദിച്ചിട്ടില്ല. ഒരു വ്യക്തിക്ക് 3 ലിറ്റർ ബീവറേജ് മദ്യം വരെ കൈവശം വയ്ക്കാം. എന്നാല്‍ കള്ള് ഒന്നരലിറ്റർ മാത്രമെ പാടുള്ളൂ. കള്ള് കൊണ്ട് വിനാഗിരി പോലുള്ള അനുബന്ധ ഉത്പന്നങ്ങള്‍ നിർമ്മിക്കാൻ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ എത്തിയിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.