കോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരെ കേസില്‍ പൊലീസിന് താക്കീതുമായി കോടതി. കോടതി വരാന്തയിൽ ആരെയും മുദ്രാവാക്യം വിളിക്കാൻ അനുവദിക്കരുതെന്ന് കോടതി പൊലീസിന് നിര്‍ദ്ദേശം നല്കി. പൊലീസിനെതിരെ നടപടി എടുക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഗ്രോ വാസു കോടതി വരാന്തയിൽ മുദ്രാവാക്യം വിളിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ താക്കീത്. കേസ് ഈ മാസം 11ലേക്ക് മാറ്റി.
അതിനിടെ, ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും ആവശ്യപ്പെട്ടു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു. 94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് പൊലീസ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണതെന്നും വി ഡി സതീശൻ കത്തില്‍ പറയുന്നു. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.
തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.