കോഴിക്കോട് : സാഹിത്യനഗരത്തിന്റെ മുഖമായ മിഠായിത്തെരുവ് ഇപ്പോള്‍ ഇരുട്ടിലാണ്. വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം കണ്ണടച്ചാല്‍ പിന്നെ മിഠായിത്തെരുവ് ഭയപ്പെടുത്തും.
സമീപത്തെ എല്‍.ഐ.സി ബസ് സ്റ്റോപ്പിലും സ്ഥിതി സമാനം. 2017ല്‍ മിഠായിത്തെരുവ് നവീകരിച്ചപ്പോള്‍ തെരുവിന്റെ രണ്ടറ്റത്തും മേലാപ്പില്‍ സ്ഥാപിച്ച ഉണ്ടവിളക്കുകള്‍ പരിചരണമില്ലാതെ നശിച്ചു. വഴിയെ അങ്ങായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളും കണ്ണുചിമ്മി. പിന്നീട് കോർപ്പറേഷൻ ഉണ്ടവിളക്കുകളെല്ലാം മാറ്റി എല്‍.ഇ.ഡി. ഫ്ലഡ് ലൈറ്റുകളും, 12 ലോ മാസ്റ്റ് ലെെറ്റുകളും സ്ഥാപിച്ചു. പരിചരണം കുറഞ്ഞതിനാല്‍ അവയില്‍ പലതും ഇപ്പോള്‍ കത്തുന്നില്ല. വലിയങ്ങാടിയിലേതുപോലെ ഇവിടെ മേല്‍ക്കൂരയില്ലാത്തതിനാല്‍ മഴക്കാലത്ത് വെെദ്യുതി വിളക്കുകള്‍ പെട്ടെന്ന് കേടാവുകയാണ്.
മിഠായിത്തെരുവ് നവീകരണ സമയത്ത് ഓവുചാലുകള്‍ തുറന്ന് വൃത്തിയാക്കാൻ സാധിക്കാത്ത വിധം ടെെലുകളിട്ട് മൂടിയിരുന്നു. ഇതോടെ ഓവുചാല്‍ വൃത്തിയാക്കല്‍ കീറാമുട്ടിയായി. കുറച്ച് ദിവസം മുമ്ബ് ഓവുചാലില്‍ മാലിന്യമടിഞ്ഞ് ഒഴുക്ക് നിലച്ചപ്പോള്‍ ടെെലുകള്‍ ഇളക്കി മാറ്റിയാണ് തടസം നീക്കിയത്. ഇളക്കിയ ലൈലുകള്‍ പുന സ്ഥാപിച്ചതുമില്ല. ഓവുചാലിന്റെ അശാസ്ത്രീയത കാരണം ശക്തമായി മഴപെയ്താല്‍ വെള്ളം കെട്ടിനില്‍ക്കും.
തീപിടിത്തം ഒഴിവാക്കുന്നതിനാണ് തെരുവ് നവീകരിച്ച സമയത്ത് വൈദ്യുതി, കുടിവെള്ളം തുടങ്ങിയ ലൈനുകളെല്ലാം മണ്ണിനടിയിലൂടെയാക്കിയത്. കുടിവെള്ള പ്രശ്നമുണ്ടാകുമ്ബോള്‍ കൃത്യമായി പരിഹരിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പി.എം താജ് റോഡില്‍ 100 പേർക്ക് കച്ചവടം നടത്താനാണ് കോർപ്പറേഷൻ അനുമതി നല്‍കിയിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ റോഡില്‍ ഇത്രയും കച്ചവടക്കാർ എത്തിയാല്‍ കാല്‍നടയാത്ര കഷ്ടത്തിലാവും. പ്രഖ്യാപിച്ച പാർക്കിംഗ് പ്ലാസയുടെ പണിയും എങ്ങുമെത്തിയിട്ടില്ല. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോർപ്പറേഷനില്‍ പരാതി നല്‍കിയാലും താത്ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാവുന്നത്.്
”കോടികള്‍ ചെലവാക്കിയാണ് മിഠായിത്തെരുവ് നവീകരിച്ചത്. പക്ഷേ, ഇവിടുത്തെ വെെദ്യുതി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒന്നും വേണ്ട രീതിയില്‍ പരിപാലിച്ചില്ല. തെരുവിലെ പ്രശ്നങ്ങളുടെ പ്രധാന കാരണവും ഇതാണ്. എന്ത് പദ്ധതിയാണെങ്കിലും കൃത്യമായ പരിപാലനം ആവശ്യമാണ്.
- എ.വി.എം. കബീർ, വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിത്തെരുവ് യൂണിറ്റ് പ്രസിഡന്റ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.