ദില്ലി: കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ . വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം നിർദേശിക്കുന്നു. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. മാത്രമല്ല കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവൻ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാൻ റൈഡർ കുട്ടിയെ സുരക്ഷാ ഹാർനെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കുട്ടിയെ ഓവർകോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെൽറ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.