തിരുവമ്പാടി: തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂരാംപാറയിലെ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജിസ്റ്റോണി (10) നെയാണ് നായ കടിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം സ്കൂൾ വീട്ടിലേക്ക് മടങ്ങവേ പള്ളിപ്പടി അങ്ങാടിക്ക് സമീപമാണ് സംഭവം. വലതുകൈയ്ക്കും കാലിനും ഗുരുതരമായി പരിക്കുണ്ട്. നായയ്ക്ക് പേവിഷബാധയുണ്ടാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു. നായ മറ്റൊരു നായയെയും കടിച്ചിരുന്നു. അവശനിലയിലായിരുന്ന നായയെ പിന്നീട് കളിയാമ്പുഴ പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തി. പള്ളിപ്പടിയിലെ ഉമ്മൻചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (ഒഎംആർസി) അംഗങ്ങൾ നായയെ പോസ്റ്റ്‌മോർട്ടത്തിനായി വയനാട് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് നായയെ കൊണ്ടുപോയി.
സംഭവത്തിൽ പള്ളിപ്പടിയിലെ ഉമ്മൻചാണ്ടി മെമ്മോറിയൽ റിക്രിയേഷൻ ക്ലബ് (ഒഎംആർസി) പ്രതിഷേധ യോഗം നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ പരിസരത്തും പള്ളിപ്പടിയിലും ധാരാളം തെരുവുനായ്ക്കൾ ഉണ്ട്. ചില വ്യക്തികൾ അവയ്ക്ക് പതിവായി തീറ്റ കൊടുക്കുന്നത് അവ സ്കൂൾ പരിസരത്ത്തന്നെ തുടരാൻ കാരണമാകുന്നു. തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ക്ലബ് പ്രസിഡന്റ് റോയ് കളത്തൂർ ആവശ്യപ്പെട്ടു.
ക്ലബ്ബ് അംഗങ്ങളായ ജെയ്സൺ മണിക്കൊമ്പേൽ, ലിജോ കുന്നേൽ, സോണി മണ്ഡപത്തിൽ, സിബിൻ പാറാങ്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.