കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാവിനും രോഗലക്ഷണങ്ങള്‍. ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കി വരികയാണ്. ഇവരെ നേരത്തെ തന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെറിയ രീതിയിലുള്ള പനി ലക്ഷണങ്ങളാണ് ഇവര്‍ക്ക് കണ്ടതെന്ന് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഇതോടെ കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നായി. നേരത്തെ രണ്ട് പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. മരിച്ച കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞു.
അതേസമയം, രോഗലക്ഷണങ്ങളുള്ളവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. അസാധാരണമായിട്ട് എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ വൈകിട്ട് അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധനകള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും നാളത്തെ അവലോകനത്തിന് ശേഷം ഇക്കാര്യം പറയാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് പേ വാര്‍ഡിലെ ഒന്നാം നിലയിലെ ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡ് നിപ വാര്‍ഡായി മാറ്റിയിട്ടുണ്ട്.
മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 27ന് കുട്ടി അയല്‍ വീടുകളിലെ കുട്ടികളുമൊത്തെ കളിച്ചതായി റൂട്ട് മാപ്പില്‍ പറയുന്നു. ഓഗസ്റ്റ് 28ന് വീട്ടില്‍ തന്നെ കഴിഞ്ഞ കുട്ടി, 29ന് രാവിലെ പനിയെ തുടര്‍ന്ന് 8.30നും 8.45നും ഇടയില്‍ ഇരഞ്ഞിമാവിലെ ഡോ. മൊഹമ്മദിന്റെ ക്ലിനിക്കില്‍ പോയിരുന്നു. ഓട്ടോയിലാണ് കുട്ടി ക്ലിനിക്കിലേക്ക് പോയതും മടങ്ങിയെത്തിയതും. കടുത്ത പനിയെ തുടര്‍ന്ന് 30ന് വീട്ടില്‍ തന്നെ ആയിരുന്നു. 31ന് രാവിലെ മുക്കത്തെ ഇ എം എസ് ആശുപത്രിയിലും തുടര്‍ന്ന് ഓമശേരിയിലെ ശാന്തി ആശുപത്രിയിലും പോയി. അമ്മാവന്റെ ഓട്ടോയിലാണ് കുട്ടി ഇവിടെയെത്തിയത്. അവിടെ നിന്ന് ഉച്ചയോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.