ചെന്നൈ∙ തമിഴ്നാട്ടിൽ തിരുപ്പത്തൂരിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. ഇവരിൽ 25 പേരുടെ നില അതീവ ഗുരുതരമാണ്. ഒരു സ്ത്രീയുൾപ്പെടെയാണ് മരിച്ചത്. ദീപാവലി ആഘോഷിക്കുന്നതിനായി നാട്ടിലേക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ഗുടുവഞ്ചേരി സ്വദേശി റിതിക (32), വാണിയമ്പാടി സ്വദേശി മുഹമ്മദ് ഫിറോസ് (37) ,എസ്ഇടിസി ബസ് ഡ്രൈവർ കെ.എഴുമലൈ (47), സ്വകാര്യ ബസ് ഡ്രൈവർ എൻ സയ്ദ്,ചിറ്റൂർ സ്വദേശി ബി അജിത്ത് (25) എന്നിവരാണ് മരിച്ചത്.
ബെംഗളുരുവിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന തമിഴ്നാട് സർക്കാർ ബസ് മറ്റൊരു സ്വകാര്യ ബസുമായി ശനിയാഴ്ച പുലർച്ചെ നാലിന് ദേശീയപാത 48ൽ വാണിയമ്പാടിയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. സർക്കാർ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബാരിക്കേഡ് തകർത്ത് സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗങ്ങൾ പാടേ തകർന്നു. നാലുപേർ സംഭവസ്ഥലത്തും ഒരാൾ പിന്നീട് ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.