കോഴിക്കോട്: വന്‍പലിശ വാഗ്ദാനംചെയ്തും നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പ്രത്യേക വരുമാനം പ്രഖ്യാപിച്ചും സ്വകാര്യ പണമിടപാടുകേന്ദ്രം നടത്തിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവിലാണ്.
പറയഞ്ചേരിയിലെ മൈത്രി നിധി പ്രൈവറ്റ് ലിമിറ്റഡ്, സേലത്ത് രജിസ്റ്റര്‍ചെയ്ത കോക്‌സ് ടാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ കാരപ്പറമ്പ് അസിം കോട്ടേജ് വലിയതൊടുവില്‍ ജമാലുദ്ദീന്‍ (37), കക്കോടി പുതുമനയില്‍ റേമണ്ട് ജോസഫ് (45) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എസ്.ഐ. പി.ടി. സൈഫുള്ളയും സംഘവും അറസ്റ്റുചെയ്തത്. ഇതേ സ്ഥാപനവുമായി ബന്ധപ്പെട്ട അന്‍വറിനെ പിടികൂടാനായിട്ടില്ല.
എണ്‍പതുകോടിയോളം രൂപയുടെ തട്ടിപ്പുനടന്നതായാണ് പ്രാഥമിക നിഗമനമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ എണ്‍പതുലക്ഷം രൂപ നഷ്ടപ്പെട്ട മൂന്നുപേരുടെ പരാതിയിലാണ് നിലവില്‍ കേസെടുക്കുകയും അറസ്റ്റുരേഖപ്പെടുത്തുകയും ചെയ്തത്. മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പകല്‍ പറയഞ്ചേരിയിലുള്ള മൈത്രി ഓഫീസില്‍ റെയ്ഡ് നടന്നു. കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍, മുദ്രപത്രങ്ങള്‍, രജിസ്റ്ററുകള്‍, ബാങ്ക് ചെക്കുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.
ഒരുലക്ഷം രൂപയ്ക്ക് 3000 രൂപ പലിശ വാഗ്ദാനംചെയ്ത് ഇവര്‍ വിരമിച്ച ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, കൂലിത്തൊഴിലാളികള്‍ എന്നിവരില്‍നിന്നെല്ലാം നിക്ഷേപം സ്വീകരിച്ചിരുന്നതായി പോലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേര്‍ ഇതിനകം പോലീസ് സ്റ്റേഷനിലെത്തി വിവരം നല്‍കിയിട്ടുണ്ട്. നിക്ഷേപമായി സ്വീകരിച്ച പണം അധികപലിശയ്ക്ക് നല്‍കിയതായും ഓഹരി വ്യാപാരത്തില്‍ നിക്ഷേപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
എസ്.ഐ.മാരായ പി.ടി. സൈഫുള്ള, ആര്‍. നിതിന്‍, കെ. ശിവദാസന്‍, സീനിയര്‍ സി.പി.ഒ.മാരായ ശരത്, സന്ധ്യ ജോര്‍ജ്, സുജിത്, സൈബര്‍ പോലീസിലെ പ്രജിത്ത്, ലിനിത്ത് എന്നിവരും റെയ്ഡില്‍ അസി.കമ്മിഷണര്‍ക്കൊപ്പം ഉണ്ടായിരുന്നു.
നിക്ഷേപം നടത്താന്‍ കമ്പനി നടത്തിപ്പുകാര്‍ മോട്ടിവേഷണല്‍ ക്‌ളാസുകള്‍ നടത്താറുണ്ട്. നിക്ഷേപം നടത്തുന്നവരെ ‘പ്രമോട്ടര്‍’മാരാക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാറുമുണ്ടായിരുന്നു. പ്രതികളെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിമുന്‍പാകെ ഹാജരാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.