ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ 15 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് അറസ്റ്റിലായ യുവാവിന്റെ വീട് നാളെ ഇടിച്ചുനിരത്തും. നിയമവിരുദ്ധമായി നിര്‍മിച്ചതാണ് ഇയാളുടെ വീടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി രക്തമൊലിപ്പിച്ചുകൊണ്ട് വീടുകള്‍ തോറും കയറിയിറങ്ങി സഹായം തേടുന്ന സിസിടിവി ദൃശ്യങ്ങള്‍ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
സംഭവത്തില്‍ ഭരത് സോണി എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുകയാണ്. പ്രതിയുടെ കുടുംബം സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിതുയര്‍ത്തിയ വീട്ടിലാണ് കഴിയുന്നതെന്ന് കണ്ടെത്തിയതായി ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ അതില്‍ പണിതുയര്‍ത്തിയ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന് സിങ് പറഞ്ഞു. മദ്ധ്യപ്രദേശ് പൊലീസിന്റെ സഹകരത്തോടെ നാളെ മുനിസിപ്പല്‍ കോര്പറേഷന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എഴുനൂറിലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധനിച്ച ശേഷമാണ് പ്രതി ഭരത് സോണിയെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26നാണ് പെണ്‍കുട്ടി ചോരയൊലിപ്പിച്ച് കൊണ്ട് റോഡിലൂടെ നടക്കുന്നതിന്റെയും വീടുകള്‍ തോറും കയറി സഹായം തേടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. ഓരോ വീട്ടിലും സഹായം ചോദിച്ച പെണ്‍കുട്ടിയെ ആളുകള്‍ ആട്ടിയോടിച്ചു. തളര്‍ന്ന ശരീരവും കീറിപ്പറിഞ്ഞ വസ്ത്രവുമായി തെരുവില്‍ അലഞ്ഞ പെണ്‍കുട്ടിയ്ക്ക് പരിസരത്തെ ഒരു ആശ്രമത്തിലെ പുരോഹിതനാണ് ഒടുവില്‍ സഹായമേകിയത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരിക്കാം എന്ന് സംശയിച്ച അദ്ദേഹം ടവ്വല്‍ കൊണ്ട് പുതപ്പിച്ച ശേഷം ആശുപത്രിയില്‍ എത്തിച്ചു. പരിശോധയില്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സ്ഥിരീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.