കോഴിക്കോട്: കോഴിക്കോട് കോട്ടുളിയിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. കോഴിക്കോട്-താമരശ്ശേരി റൂട്ടിലോടുന്ന സിൻഡിക്കേറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ എതിര്‍ദിശയിലേക്ക് കയറിയാണ് ബസ് മരത്തിലിടിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മഴ നനഞ്ഞ റോഡിലൂടെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിർദിശയിലുള്ള മരത്തിലിടിച്ച് ഇടിച്ചുകയറുന്നത് വീഡിയോയിൽ കാണാം. സമീപത്ത് ബസ് കാത്തുനിന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഭയന്ന് ഓടുന്നതും കാണാം. കോഴിക്കോട് കോട്ടുളിയിൽ രാവിലെ എട്ട് മണിയോടെയാണ് അപകടം.
മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ഓട്ടോ പട്ടേരിയിൽ വെച്ച് യൂടേൺ എടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇതേത്തുടർന്ന് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് വിവരം. ബ്രേക്ക് കിട്ടാതെ വന്നതോടെ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. സ്കൂളിലേക്കും ഓഫീസിലേക്കും പോകാനിറങ്ങിയവരായിരുന്നു ബസിൽ അധികവും.
സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോലീസും ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.