എല്ലാം നഷ്ടപ്പെട്ടുവെന്നും ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബെംഗളൂരുവിൽ മെട്രോ നിർമാണത്തിനിടെ തൂൺ തകർന്നുവീണു മരിച്ച സ്കൂട്ടർ യാത്രിക തേജസ്വിനിയുടെ ഭർത്താവ് ലോഹിത്. ഇന്നലെ രാവിലെ കുട്ടികളെ നഴ്സറിയിലാക്കാൻ ദമ്പതികൾ സ്കൂട്ടറിൽ പോകുന്നതിനിടെ രാവിലെ 10.30നാണ് അപകടമുണ്ടായത്. തേജസ്വിനി (28), രണ്ടരവയസ്സുകാരനായ മകൻ വിഹാൻ എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ലോഹിത്, മകൾ വിസ്മിത (രണ്ടര) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകടനില തരണം ചെയ്തു. അതേസമയം, മെട്രോ തൂണിന്റെ നിർമാണ പ്രവർത്തനങ്ങളും കരാറും റദ്ദാക്കണമെന്നും, റദ്ദാക്കുന്നതുവരെ മകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും തേജസ്വിനിയുടെ പിതാവ് പറഞ്ഞു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെട്രോ തൂൺ നിർമാണത്തിന്റെ ചുമതലയുള്ള കരാറുകാരൻ സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് തേജസ്വിനിയുടെ ഭര്‍തൃപിതാവ് വിജയകുമാർ ആരോപിച്ചു. മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ പ്രഖ്യാപിച്ചു. അപകടകാരണം കണ്ടെത്താനായി വിശദ പഠനം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനോട് അഭ്യർഥിച്ചതായി ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. കരാറുകാരനും ബന്ധപ്പെട്ട എൻജിനീയർമാർക്കും വിശദീകരണം തേടി നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.