കോഴിക്കോട്: കടുത്ത വേനലിൽ ആശ്വാസമായിരുന്ന നാരങ്ങാവെള്ളം കുടിക്കുന്നത് ഇനി പഴങ്കഥ. കിലോയ്ക്ക് 145 രൂപയായി വില കുതിച്ചുയർന്നു.
മൊത്ത വ്യാപാര വില 80 മുതൽ 120 വരെയാണ്.ഒരു മാസം മുമ്പ് കിലോയ്ക്ക് 50-80 രൂപയായിരുന്നു വില. ഒരു ചെറുനാരങ്ങയ്ക്ക് എട്ടും പത്തും രൂപ കൊടുക്കണം. ചൂടുകാരണം ചെറുനാരങ്ങയുടെ ഉപയോഗം വർധിച്ചതും ലഭ്യത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രാപ്രദേശിൽ നിന്നുമാണ് പ്രധാനമായും നാരങ്ങകൾ സംസ്ഥാനത്തേക്ക് എത്തുന്നത്. വില കൂടിയതോടെ ബേക്കറി ഉടമകളും കൂൾഡ്രിങ്ക് വിൽപനക്കാരും നാരങ്ങാവെള്ളത്തിന് ഒരേസമയം അഞ്ച് രൂപ വർധിപ്പിച്ചു. പലയിടത്തും ഒരു ഗ്ലാസ് നാരങ്ങാവെള്ളം ലഭിക്കാൻ 20 രൂപയോളം നൽകണം. വേനല്‍ വരും ദിവസങ്ങളില്‍ കടുക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
നാരങ്ങയ്ക്കൊപ്പം കക്കിരി വിലയും കുതിച്ചുയരുകയാണ്. കിലോയ്ക്ക് 20-30 രൂപവരെ വിലയുണ്ടായിരുന്ന കക്കിരിക്ക് ഇപ്പോള്‍ ചില്ലറ വില 70 രൂപയായി. 50 മുതല്‍ 60 വരയൊണ് മൊത്ത വില. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്.
ബീൻസിനും, പയറിനും പച്ചമുളകിനും കാരറ്റിനും പൊള്ളും വിലയാണ്. കിലോ 80 മുതല്‍ 100 വരെയുണ്ടായിരുന്ന ബീൻസിന് ഇപ്പോള്‍ 150 രൂപയാണ് മൊത്തവില. ചില്ലറ വിപണിയില്‍ 200 കടക്കും. കിലോ 40 -50 വരെയുണ്ടായിരുന്ന പയറിന് മൊത്തവില കിലോയ്ക്ക് 60 രൂപയാണ്. കടകളിലെത്തുമ്ബോള്‍ 80 രൂപവരെയാകും. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയായി. കാരറ്റ് കിലോ 80 രൂപയാണ് ചില്ലറ വിപണിയില്‍. പഴങ്ങള്‍ക്കും വൻ ഡിമാൻഡാണ്. പെെനാപ്പിള്‍ കിലോയ്ക്ക് 120 കടന്നു. മികച്ചയിനം മുന്തിരിക്ക് കിലോയ്ക്ക് 160 രൂപയോളമാണ് വില. വിവിധയിനം വാഴപ്പഴങ്ങള്‍ക്കും വില കൂടി. മികച്ചയിനം ഓറഞ്ചിന്റെ വിലയും കിലോയ്ക്ക് 120 രൂപയ്ക്കു മുകളിലെത്തി. ചൂടിന്റെ കാഠിന്യം മൂലം അന്യസംസ്ഥാനങ്ങളില്‍ വിളവ് കുറഞ്ഞത് ഉത്പന്ന വരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതു തുടർന്നാല്‍ ജൂണ്‍ വരെ പച്ചക്കറി വിലയില്‍ 25 ശതമാനത്തോളം വർദ്ധനയുണ്ടാകാനാണ് സാദ്ധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.