ലക്നൗ: പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അത് ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അവയെ അക്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ജഡ്ജ് ശേഖര്‍ കുമാര്‍ യാദവ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയ ഒരു ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ജാവേദ് എന്ന വ്യക്തിക്ക് ജാമ്യം നൽകാൻ വിസമ്മതിച്ചുകൊണ്ടാണ് കോടതി ഈ പരാമർശം നടത്തിയത്.
ഗോ സംരക്ഷണം ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കടമയല്ല. ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കേണ്ടത് എല്ലാ മതത്തിലുംപെട്ട പൗരന്മാരുടെ കടമയാണ്. അതിനാല്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും കോടതി ആവാശ്യപ്പെട്ടു. പശുവിന് മൗലികാവകാശങ്ങൾ നൽകാനും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും സർക്കാർ പാർലമെന്റിൽ ഒരു ബിൽ കൊണ്ടുവരണമെന്ന് ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളും ആചാരങ്ങളും ഉണ്ടെങ്കിലും ഒരേ തരത്തില്‍ പൗരന്മാര് ചിന്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. മുമ്പും ഇതേ കുറ്റത്തിന് അറസ്റ്റിലായിട്ടുളള ജാവേദിന് ജാമ്യം അനുവദിച്ചാല്‍ സാമൂഹ്യസൗഹാര്‍ദം തകരുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഗോശാലകളുടെ ശോചനീയമായ അവസ്ഥയും ഉത്തരവില്‍ ജഡ്ജി പരാമര്‍ശിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.